കുമളിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ദമ്പതികള്‍ അറസ്റ്റില്‍

Posted on: November 16, 2020 9:50 pm | Last updated: November 17, 2020 at 12:46 am

ഇടുക്കി  | കുമളിക്ക് സമീപം ഒട്ടകത്തലമേട്ടില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കുമളി സ്വദേശി സജീവനെ സുഹൃത്തായ ബാലകൃഷ്ണനും ഭാര്യ ശാന്തിയും കഴുത്തില്‍ സാരി മുറുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് കുമളി ഒന്നാം മൈല്‍ സ്വദേശി സജീവനെ സുഹൃത്ത് ബാലകൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദായാഘാതം മൂലമാണ് സജീവന്‍ മരിച്ചതെന്നായിരുന്നു ബാലകൃഷ്ണനും ഭാര്യ ശാന്തിയും നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇത് ശരിവെച്ചു. ദീപാവലി ആഘോഷിക്കാനായാണ് വെള്ളിയാഴ്ച വൈകീട്ട് സജീവന്‍ ബാലകൃഷ്ണന്റെ വീട്ടിലെത്തുന്നത്. നന്നായി മദ്യപിച്ച ഇരുവരും ഇടക്ക് വാക്കുതര്‍ക്കവും അടിപിടിയുമായി. കയ്യില്‍ കിട്ടിയ വിറകുകൊള്ളിയെടുത്ത് ബാലകൃഷ്ണന്‍ സജീവന്റെ തലയ്ക്കടിച്ചു.

തുടര്‍ന്ന് ബാലകൃഷ്ണനും ശാന്തിയും സജീവന്റെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. . മദ്യലഹരിയില്‍ സംഭവിച്ചുപോയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു.