ഇ ഡിയുടെ മറുപടി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് നിയമസഭാ എത്തിക്‌സ് കമ്മിറ്റി

Posted on: November 16, 2020 12:25 pm | Last updated: November 16, 2020 at 2:40 pm

തിരുവനന്തപുരം | ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ മറുപടി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരളാ നിയമസഭാ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി. ഇ ഡി നല്‍കിയ വിശദീകരണം ബുധനാഴ്ച ചേരുന്ന യോഗത്തില്‍ കമ്മിറ്റി പരിശോധിക്കും. അനന്തര നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകും.

നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചു വരുത്താന്‍ ഇ ഡിക്ക് നിയമാനുസൃത അധികാരമുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. അന്വേഷണത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇതിന്റെ അന്വേഷണ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നുമാണ് മറുപടി കുറിപ്പിലുള്ളത്.

ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട ഇ ഡി നടപടിയില്‍ വിശദീകരണം ചോദിച്ചാണ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കിയത്. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലായിരുന്നു നടപടി. പദ്ധതിയുടെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി. ഇതു മൂലം പദ്ധതി പ്രവര്‍ത്തനം സ്തംഭനത്തിലായെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.