നിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി കെ. കെ. ശൈലജ

Posted on: November 15, 2020 10:53 pm | Last updated: November 15, 2020 at 10:53 pm

തിരുവനന്തപുരം | സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ആരോഗ്യ-സാമൂഹ്യനീതി-വനിതാ ശിശുവികസന മന്ത്രി കെ. കെ. ശൈലജ. താമസക്കാരെ മാറ്റുക മാത്രമാണിപ്പോൾ. 200 പേർക്ക് താമസിക്കാവുന്ന മാതൃകാഹോമാണ് തൃശൂരിൽ തയ്യാറാക്കിയത്. കുട്ടികൾക്കായി ശാസ്ത്രീയ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.

നിലവിൽ എൻ.ജി.ഒ കൾ നടത്തുന്ന ഹോമുകൾ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വാടക കെട്ടിടങ്ങളിലാണ്. കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിദഗ്ധരുടെ നിർദ്ദേശം കൂടി പരിഗണിച്ച് അഞ്ച് കോടി രൂപ മുതൽ മുടക്കി പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ബാലാവകാശ കമ്മിഷനും ഇത്തരം ഹോം ശുപാർശ ചെയ്തിട്ടുണ്ട്. 16 ന് മുകളിൽ പ്രായമുളളവരെ തേജോമയ ഹോമിലേക്കാണ് മാറ്റുക.

വീടുകളിലേക്ക് തിരികെ പോകുന്ന കുട്ടികൾക്ക് നിർഭയ മുഖേനയുള്ള സാമൂഹ്യാധിഷ്ഠിത പുനരധിവാസം നിംഹാൻസ് തയാറാക്കിയ പ്രോട്ടോക്കോൾ പ്രകാരം നടപ്പാക്കുന്നതിന് അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ആദ്യഘട്ട പ്രവർത്തനം തുടങ്ങി. രാജ്യത്ത് തന്നെ ആദ്യമാണ് ഇത്തരം സംവിധാനം.
കൂടുതൽ പോസ്‌കോ കോടതികൾ വരുന്ന മുറയ്ക്ക് കുട്ടികൾക്ക് അധിക കാലം ഹോമുകൡ കഴിയേണ്ടിവരില്ല. വിചാരണ കാലയളവിലേക്കായാണ് ശാസ്ത്രീയമായ ഹോമുകൾ പ്രയോജനപ്പെടുക.

നിർഭയ ഹോമുകളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് ഏകീകൃത ഹോമുകൾ. ഇവയുടെ അറ്റകുറ്റപ്പണികൾ അന്തിമഘട്ടത്തിലുമാണ്. വിവിധ പ്രായക്കാരെ പ്രത്യേക സെഷനുകളായാണ് താമസിപ്പിക്കുന്നത്. ദീർഘകാലയളവിൽ മികച്ച പരിചരണം ഉറപ്പാക്കുന്നതിനാണ് തൃശൂരില ഹോം. കുടുംബാന്തരീക്ഷം നിലനിർത്തി ശാരീരിക-മാനസിക ഉല്ലാസം ലക്ഷ്യമാക്കിയാണ് പ്രവർത്തനം. മികച്ച വിദ്യാഭ്യാസം, തൊഴിൽ പരിശീലനം തുടങ്ങിയവ നൽകി സ്വയം പര്യാപ്തരാക്കി കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കുകയാണ് ലക്ഷ്യം.
മാതൃകാപരമായി പ്രവർത്തിക്കുന്ന നിർഭയ ഹോമിന് പുറമെ 16 വയസ്സിന് മുകളിലുള്ളവർക്ക് തേജോമയ, 12 ന് താഴെയുള്ളവർക്ക് എസ്. ഒ. എസ്., പഠിക്കുന്ന കുട്ടികൾക്ക് തൃശൂർ ഹോം എന്നിങ്ങനെ വിവിധ ഹോമുകളാണ് പ്രവർത്തിക്കുന്നത് – മന്ത്രി വ്യക്തമാക്കി.