Connect with us

National

ബീഹാറില്‍ നിതീഷിന് നാലാമൂഴം; പാർലിമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു, സത്യപ്രതിജ്ഞ നാളെ

Published

|

Last Updated

ന്യൂഡല്‍ഹി | ബീഹാറില്‍ തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. എന്‍ഡിഎ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു.  കൈതാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ തര്‍കിഷോര്‍ പ്രസാദ് ഉപമുഖ്യമന്ത്രിയാകും. നിതീഷ് കുമാര്‍ ഉടന്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിക്കും. തിങ്കളാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

കേന്ദ്ര മന്ത്രി അമിത്ഷാ, ബീഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിതീഷിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്.

243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ബീഹാറില്‍ നാലാം തവണയും എന്‍ഡിഎ അധികാരത്തില്‍ എത്തിയത്. 74 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ നിതീഷ് കുമാറീന്റെ ജെഡിയുവിന് 43 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നിതീഷ് തന്നെ തുടരുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. നിതീഷിന് മുഖ്യമന്ത്രി പദം നല്‍കിയില്ലെങ്കില്‍ ജെഡിയു മഹാസഖ്യത്തിനൊപ്പം പോകുമോ എന്ന ഭയവും ബിജെപിക്കുണ്ട്.

സുശീൽ കുമാർ മോദിയെ മാറ്റിയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ഒരാള്‍ വരുന്നത്. സുശീൽ കുമാറിന് കേന്ദ്ര മന്ത്രി പദവി നൽകുവാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിപക്ഷമായ മഹാസഖ്യത്തിന് 110 സീറ്റുളാണ് ബീഹാറില്‍ ലഭിച്ചത്. മഹാസഖ്യത്തിന് നേതൃത്വം നല്‍കുന്ന ആര്‍ജെഡി 75 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്‍ഡിഎയിലെ ചെറുപാര്‍ട്ടികളെയോ നിതീഷ്‌കുമാറിനെയോ വലിച്ച് സര്‍ക്കാറുണ്ടാക്കാന്‍ മഹസഖ്യം ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.

Latest