Editorial
പാക്കിസ്ഥാന്റെ കളി ചൈനയുടെ ഒത്താശയോടെ?

കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന പ്രശ്‌നത്തിന് അയവു വന്നതിനു പിന്നാലെ ജമ്മു കശ്മീർ അതിർത്തിയിൽ പാക്- ഇന്ത്യ സംഘർഷം രൂക്ഷമായിരിക്കയാണ്. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു രണ്ട് ദിവസം മുമ്പ് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികരും മൂന്ന് സിവിലിയന്മാരും കൊല്ലപ്പെടുകയുണ്ടായി. ഉറി, പൂഞ്ച് മേഖലകളിലാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. ഒരാഴ്ച മുമ്പ് കുപ്‌വാരയിൽ നുഴഞ്ഞു കയറ്റക്കാരെ തടയാനുള്ള ശ്രമത്തിനിടെ ഇന്ത്യക്ക് മൂന്ന് സൈനികരെയും ഒരു ബി എസ് എഫ് ജവാനെയും നഷ്ടമായിരുന്നു.
ഇതിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാന് കനത്ത നഷ്ടം സംഭവിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ രണ്ട് എസ് എസ് ജി (സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പ്) കമാൻഡോകൾ അടക്കം എട്ട് പാക് സൈനികർക്ക് ജീവഹാനിയുണ്ടായതായും പന്ത്രണ്ട് പാക് സൈനികർക്ക് പരുക്കേറ്റതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണരേഖക്ക് കുറുകെ സ്ഥാപിച്ച പാക് ബങ്കറുകൾ മിസൈലാക്രമണത്തിലൂടെയും പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകൾ റോക്കറ്റുകൾ ഉപയോഗിച്ചും ഇന്ത്യൻ സൈന്യം തകർത്തിട്ടുണ്ട്. ആർമി ബങ്കറുകൾ തകർക്കുന്നതിന്റെ വീഡിയോ ദൃശ്യം സൈന്യം പുറത്തുവിടുകയും ചെയ്തു.
അതിർത്തിയിൽ വെടിനിർത്തൽ കരാർ നിരന്തരം ലഘിക്കുകയാണ് പാക്കിസ്ഥാൻ. ഷെല്ലാക്രമണം നടത്തിയും ഭീകരരെ നുഴഞ്ഞു കയറ്റത്തിനു സഹായിച്ചും ഇന്ത്യയെ നിരന്തരം ശല്യപ്പെടുത്തി വരുന്നു. 2020ൽ മാത്രം 4,052 തവണ പാക്കിസ്ഥാൻ വെടിനർത്തൽ കരാർ ലംഘിച്ചുവെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നത്. 128 തവണ ഈ മാസവും 384 തവണ ഒക്‌ടോബറിലുമാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ വർഷം 3,233 തവണയും വെടിവെപ്പുണ്ടായി.
അതേസമയം, ഇന്ത്യയാണ് വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. 2010ൽ ഇന്ത്യൻ സൈന്യം 2,225 തവണ പാക്കിസ്ഥാന് നേരെ വെടിയുതിർക്കുകയും ഇതിൽ 18 പേർ മരിക്കുകയും 176 പേർക്കു പരുക്കേൽക്കുകയും ചെയ്തുവെന്ന് പാക് വിദേശകാര്യ ഓഫീസ് വൃത്തങ്ങൾ പറയുന്നു. സെപ്തംബർ ആദ്യത്തിൽ പാക് അധികൃതർ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥരെ കണ്ട് ഇന്ത്യൻ നിലപടിൽ പ്രതിഷേധം രേഖപ്പെടുത്തുകയുമുണ്ടായി.
അതിർത്തിയിൽ പാക് സൈന്യത്തിന്റെ ഒത്താശയോടെയുള്ള തീവ്രവാദികളുടെ നുഴഞ്ഞുയറ്റം ഇന്ത്യക്കൊരു സ്ഥിരം ഭീഷണിയാണ്. ഇന്ത്യൻ സൈന്യത്തിന്റെ ദൃഷ്‌ടിയിൽ നിന്ന് രക്ഷപ്പെടാൻ രഹസ്യതുരങ്കങ്ങൾ നിർമിച്ചു വരെ നുഴഞ്ഞു കയറ്റം നടത്തുന്നുണ്ട്. മൂന്ന് മാസം മുമ്പ് ജമ്മു സാംബ സെക്ടറിൽ ഇന്ത്യ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാന്റെ ബോർഡർ പോസ്റ്റിനു 400 മീറ്ററിന് ഇപ്പുറത്തായി തുരങ്കം കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ആരംഭിക്കുന്ന തുരങ്കം ജമ്മുവിലെ സാംബയിലാണ് അവസാനിക്കുന്നത്. പാക്കിസ്ഥാനി റേഞ്ചർമാരുടെ സഹായം തുരങ്ക നിർമാണത്തിന് ലഭിച്ചിരിക്കുമെന്നും അല്ലാതെ ഇത്തരത്തിലൊരു വലിയ തുരങ്കം നിർമിക്കാൻ സാധിക്കുകയില്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
അതിനിടെ കശ്മീർ അതിർത്തിയോട് ചേർന്ന് കിഷൻഗംഗ നദിയിൽ നിന്നു മുങ്ങി മരിച്ച രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പാക് അധീന കശ്മീരിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുടേതായിരിക്കാം മൃതദേഹമെന്നാണ് നിഗമനം. ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തകരാണ് മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. വ്യത്യസ്ത മാർഗങ്ങളിലൂടെയുള്ള നുഴഞ്ഞു കയറ്റം വർധിച്ച സാഹചര്യത്തിൽ ഇതിനു തടയിടാൻ ഇന്ത്യ അതിർത്തിയിൽ 3,000 ഭടന്മാരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. പാക്കധീന കശ്മീരിൽ നേരത്തേ പാക്കിസ്ഥാനും കൂടുതൽ സേനയെ വിന്യസിച്ചിരുന്നു. പാക് സൈന്യത്തിന്റെ നിരന്തരമുള്ള ഷെല്ലാക്രമണത്തിനും അതിർത്തി സംഘർഷത്തിനും ചൈനയുടെ പരോക്ഷ സഹായമുള്ളതായി സംശയിക്കപ്പെടുന്നുണ്ട്. പാക് സേനക്ക് ചൈന ആയുധങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് മാധ്യമങ്ങളിൽ നിരന്തരം വരുന്ന വാർത്തകൾ ഇതിലേക്ക് സൂചന നൽകുന്നതായി സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
അതിർത്തിയിൽ സംഘർഷം രൂക്ഷമാക്കുന്നതിനും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി കശ്മീരിലേക്ക് വൻ തോതിൽ ആയുധങ്ങൾ എത്തിക്കാൻ പാക് ചാര ഏജൻസിയായ ഐ എസ് ഐയെ ചൈന ഉത്തരവാദപ്പെടുത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളെ ഉദ്ധരിച്ചു സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ആഴ്ചകൾക്ക് മുമ്പ് അതിർത്തിയിൽ നിന്ന് സൈന്യം വൻ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ കൂടുതലും ചൈനീസ് അടയാളങ്ങളുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് സൈനികർ പാക് സൈനികർക്ക് ആയുധ പരിശീലനം നൽകി വരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു ബി എസ് എഫ് സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശവും ഇതോടു ചേർത്തു വായിക്കാവുന്നതാണ്.
മാസങ്ങളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സൈനിക പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായത് അടുത്ത ദിവസമാണ്. നവംബർ ആറിന് ഇരുരാജ്യങ്ങളുടെയും കോർ കമാൻഡർമാർ നടത്തിയ ചർച്ചയിലാണ് പാംഗോംഗ് തടാക മേഖലയിൽ മൂന്ന് ഘട്ടങ്ങളിലായി പിന്മാറ്റത്തിന് രൂപരേഖ തയ്യാറാക്കിയത്. ഇരു രാജ്യങ്ങളുടെയും നേതാക്കൾ എത്തിയിട്ടുള്ള ധാരണ നടപ്പാക്കാൻ ആത്മാർഥമായി ശ്രമിക്കാനും മുൻനിര പോരാളികൾ ആത്മസംയമനം പാലിക്കാനും തെറ്റിദ്ധാരണകളും പിഴവുകളും വരുത്താതിരിക്കാനും തീരുമാനിച്ചതായും സംയുക്ത പത്രക്കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ ഒരു ഭാഗത്തു സമാധാനത്തിന്റെ വക്താക്കളായി അഭിനയിക്കുമ്പോൾ മറ്റൊരു ഭാഗത്തു പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ സ്വസ്ഥത നഷ്ടപ്പെടുത്തുകയാണ് ചൈന എന്നാണ് പാക്കിസ്ഥാനുമായുളള അവരുടെ അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് പുറത്തു വന്ന വാർത്ത വ്യക്തമാക്കുന്നത്.