അതിര്‍ത്തി സംഘര്‍ഷം: പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

Posted on: November 14, 2020 9:45 pm | Last updated: November 15, 2020 at 10:20 am

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നിരവധി മേഖലകളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഇന്ത്യ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി. പാക് ഹൈക്കമ്മീഷന്റെ ചാർജ് ഡി അഫയേഴ്‌സിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.

നിരപരാധികളായ സിവിലിയന്മാരെ പാകിസ്ഥാൻ സൈന്യം ലക്ഷ്യമിടുന്നതിനെ ഇന്ത്യ ശക്തമായി അപലപിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിയതന്ത്രണരേഖയിൽ വെടിവയ്പിലൂടെ സമാധാനം തകർക്കാനും ജമ്മു കശ്മീരിൽ അക്രമങ്ങൾ നടത്താനും പാകിസ്ഥാൻ ഒരു ഉത്സവ വേള തിരഞ്ഞെടുത്തത് വളരെ പരിതാപകരമാണെന്നും ഇന്ത്യ വ്യക്തമാക്കി. അതിർത്തി കടന്നുള്ള തീവ്രവാദ നുഴഞ്ഞുകയറ്റത്തിന് പാകിസ്താൻ നൽകുന്ന പിന്തുണയെ ഇന്ത്യ ശക്തമായി എതിർത്തു.

നിയന്ത്രണ രേഖക്ക് സമീപം വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സേന നടത്തിയ പ്രകോപനത്തില്‍ അഞ്ച് ജവാന്മാര്‍ക്കും മൂന്ന് സിവിലിയന്മാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ പാക് ഭാഗത്ത് എട്ട് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധ ബങ്കറുകളും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഈ സാഹചര്യത്തിലാണ് പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടുന്നത്.