കോടിയേരിയോടും പിണറായിയോടും സി പി എമ്മിന് ഇരട്ട നീതി: മുല്ലപ്പള്ളി

Posted on: November 14, 2020 2:25 pm | Last updated: November 14, 2020 at 2:25 pm

തിരുവനന്തപുരം | കോടിയേരി ബാലകൃഷ്ണനോടും മുഖ്യമന്ത്രി പിണറായി വിജയനോടും സി പി എമ്മിന് ഇരട്ട നീതിയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരിയെ രാജിവെപ്പിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിക്കാതിരിക്കുന്നത് ഇരട്ടതാപ്പാണ്. ശിവശങ്കരനെ ന്യായീകരിച്ച മുഖ്യമന്ത്രി അഴിമതികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ധാര്‍മികത ഉയര്‍ത്തിയല്ല പരാജയഭീതിയെ തുടര്‍ന്നാണ് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെച്ചത്. കണ്ണൂര്‍ ലോബിക്കെതിരായ നീക്കമാണ് ഇപ്പോള്‍ സി പി എമ്മില്‍ നടക്കുന്നത്. വിജയരാഘവന്‍ സെക്രട്ടറിയായത് ഇതിന്റെ ഭാഗമാണ്. എന്നാല്‍ സെക്രട്ടറിയാകാന്‍ വിജയരാഘവന്‍ യോഗ്യനാണോയെന്ന് അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ മനസിലാകും. പാര്‍ട്ടിയില്‍ യോഗ്യതയുള്ള മറ്റ് എത്രയോ പേരുള്ളപ്പോഴാണ് വിജയരാഘവന് ചുമതല നല്‍കിയതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.