ദ്രുത പ്രതികരണ ഭൂതല വ്യേമ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Posted on: November 13, 2020 10:31 pm | Last updated: November 13, 2020 at 10:31 pm

ബാലസോര്‍ | ദ്രുത പ്രതികരണ ഭൂതല വ്യേമ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലാസോര്‍ തീരത്തെ ചണ്ഡിപൂര്‍ ഐടിആറില്‍ നിന്ന് വെള്ളിയാഴ്ച വൈകീട്ട് 3.50നായിരുന്നു വിക്ഷേപണം. പരീക്ഷണ വേളയില്‍ മിസൈല്‍ നേരിട്ട് ലക്ഷ്യത്തിലെത്തി.

സിംഗിള്‍-സ്റ്റേജ് സോളിഡ്-പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറും തദ്ദേശീയമായി നിര്‍മിച്ച ഉപസംവിധാനങ്ങളും ഉപയോഗിച്ചാണ് മിസൈല്‍ ചലിപ്പിക്കുന്നത്. 6 കാനിസ്റ്ററൈസ്ഡ് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചായിരന്നു വിക്ഷേപണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബാറ്ററി മള്‍ട്ടിഫംഗ്ഷന്‍ റഡാര്‍, ബാറ്ററി നിരീക്ഷണ റഡാര്‍, ബാറ്ററി കമാന്‍ഡ് പോസ്റ്റ് വെഹിക്കിള്‍, മൊബൈല്‍ ലോഞ്ചര്‍ എന്നിവ പരീക്ഷണത്തില്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ സ്‌ട്രൈക്ക് കോളങ്ങള്‍ക്കെതിരെ വ്യോമ പ്രതിരോധ കവറേജ് നല്‍കുന്നതിനാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സെക്രട്ടറി ഡിഡി ആര്‍ ആന്‍ഡ് ഡി, ചെയര്‍മാന്‍ ഡോ. ജി. സതീഷ് റെഡ്ഡി എന്നിവര്‍ ഈ നേട്ടത്തിന് ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.