National
ലഡാക്കിന്റെ തെറ്റായ ഭൂപടം നല്‍കി: ട്വിറ്ററിന് കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡല്‍ഹി | കേന്ദ്ര ഭരണ പ്രദേശമായ ലേ ലഡാക്കിനെ ജമ്മു കശ്മീരിന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പങ്കുവച്ചതിന് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണ നോട്ടീസ്. ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയമാണ് അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും. ഐ ടി ആക്ട് പ്രവകാരം ട്വിറ്ററിന് വലിക്ക് അടക്കം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് കഴിയും. കൂടാതെ ആറ് മാസം വരെ ട്വിറ്റര്‍ അധികൃതര്‍ക്ക് തടവ് ശിക്ഷ നല്‍കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
ട്വിറ്ററിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റിന് നവംബര്‍ ഒമ്പതിനാണ് കേന്ദ്രം നോട്ടിസ് അയച്ചത്. തെറ്റായ ഭൂപടം പങ്കുവച്ചതു വഴി ട്വിറ്റര്‍ ഇന്ത്യയെ മനപൂര്‍വം അപമാനിക്കുകയായിരുന്നു എന്ന് നോട്ടിസില്‍ പറയുന്നു.
നേരത്തെ ലേയെ ചൈനയുടെ ഭാഗമാക്കിയ ഭൂപടം ട്വിറ്റര്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന്, വിഷയം ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം ട്വിറ്റര്‍ സി ഇ ഒ ജാക്ക് ഡോര്‍സേയ്ക്ക് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഭൂപടം പരിഷ്‌കരിച്ചു. എന്നാല്‍, ചൈനയില്‍ നിന്ന് ലഡാക്കിനെ മാറ്റിയെങ്കിലും ജമ്മു കശ്മീരിന്റെ ഭാഗമായാണ് കാണിച്ചത്. ഇതേ തുടര്‍ന്നാണ് കേന്ദ്രം വീണ്ടും നോട്ടിസ് അയച്ചത്.