National
ബംഗാള്‍ ബി ജെ പി അധ്യക്ഷന്റെ കാറിന് നേരെ കല്ലേറ്; ഗ്ലാസുകള്‍ തകര്‍ന്നു

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റേ കാറിന് നേരെ കല്ലേറ്. കാറിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവ് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ദിലീപ് ഘോഷിന്റെ വാഹന വ്യൂഹത്തിന് ഏതാനും പേര്‍ കല്ലെറിയുകയും കരിങ്കൊടി വീശുകയുമായിരുന്നു. സംഭവസ്ഥലത്ത് നിരവധി ഗൂര്‍ഖ ജനശക്തി മോര്‍ച്ച പ്രവര്‍ത്തകരുണ്ടായിരുന്നെന്നും ഇവര്‍ ദിലീപ് ഘോഷിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി ജെ പി ആരോപിച്ചു. ആക്രമണത്തെ ബംഗള്‍ ഗവര്‍ണര്‍ അപലപിച്ചു.
ദിവസങ്ങങ്ങള്‍ക്ക് മുമ്പ് ബി ജെ പിയുടെ ഒരു പൊതുയോഗത്തിനിടെ അദ്ദേഹം തൃണമൂല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണങ്ങള്‍ അവസാനിപ്പിച്ച് മാറാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് ആറ് മാസം സമയം തരുന്നു. കൈ, കാലുകള്‍ തല്ലിയൊടിക്കുമെന്നും വേണ്ടിവന്നാല്‍ ശ്മശാനത്തിലേക്ക് പറഞ്ഞയക്കുമെന്നുമായിരുന്നു ഭീഷണി.