Connect with us

National

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന; വീണ്ടും സാമ്പത്തിക ഉത്തേജക പാക്കേജുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | വീണ്ടും സാമ്പത്തിക ഉത്തേജക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പദ്ധതിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കൊവിഡ് കാലത്തുണ്ടായ തൊഴില്‍ നഷ്ടം പരിഹരിക്കാനാണ് പദ്ധതി. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ സാമ്പത്തിക സ്ഥിതി തിരിച്ചുവരവിന്റെ പാതയിലാണെന്നും ജി എസ് ടി വരുമാനത്തിലുണ്ടായ കുതിച്ചുചാട്ടം ഇതിന്റെ സൂചനയാണെന്നും ധനമന്ത്രി പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന പദ്ധതി പ്രകാരം ഒരു സ്ഥാപനത്തില്‍ 15,000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പി എഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. പതിനായിരത്തില്‍ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും. നഷ്ടത്തിലായ സംരംഭങ്ങള്‍ക്ക് അധിക വായ്പാ ഗ്യാരണ്ടി പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുവര്‍ഷം മൊററ്റോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും.
സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവെക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു. നിലവില്‍ അഞ്ചു മുതല്‍ 10 ശതമാനം ആയിരുന്നു ഇത്. വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. സര്‍ക്കിള്‍ റേറ്റിനും യഥാര്‍ഥ വിലയ്ക്കും ഇടയില്‍ അവകാശപ്പെടാവുന്ന വ്യത്യാസം 10ല്‍ നിന്ന് 20 ശതമാനമാക്കി. രാസവള സബ്‌സിഡിക്കായി 65,000 കോടി നീക്കിവച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപ കൂടി അനുവദിച്ചു. കേന്ദ്രം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സാമ്പത്തിക പാക്കേജാണിത്.

---- facebook comment plugin here -----

Latest