Connect with us

Kerala

വിപണി ഭരിച്ച് മറുനാടൻ പാൽ; മിൽമ നഷ്ടത്തിലേക്ക് 

Published

|

Last Updated

നിലമ്പൂർ | മിൽമയെ പിന്തള്ളി മറുനാടൻ പാൽ സംസ്ഥാനത്ത് വ്യാപകമാകുന്നു. പ്രതിരോധിക്കാനൊരുങ്ങി മിൽമയും ക്ഷീര കർഷകരും.
പാൽ അളവിൽ കുറച്ച് മിൽമക്ക് സമാനമായ പാക്കറ്റിൽ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ നാടൻ പാൽ എന്ന വ്യാജേനയാണ് മറുനാടൻ എത്തുന്നത്. വിപണിയിൽ സുലഭമായിക്കൊണ്ടിരിക്കുന്ന പലതരം പാലുകളും ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഉറവിടം വ്യക്തമാക്കാതെയുമാണ് വിപണി കൈയടക്കുന്നത്. എന്നാൽ മിൽമ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ (എഫ് എസ് എസ് എ ഐ) കർശനമായി പാലിച്ചും വിറ്റാമിൻ എ ആൻഡ് ഡി ചേർത്ത് സമ്പുഷ്ടീകരിച്ചുമാണ് ഉപഭോക്താക്കൾക്ക് പാലും പാലുത്പന്നങ്ങളും നൽകുന്നത്. മിൽമയെ അതേപടി അനുകരിച്ച് കൊണ്ട് പല പേരുകളിലായാണ് വ്യാജൻമാർ വിപണി കണ്ടെത്താൻ ശ്രമിക്കുന്നത്. ലിറ്ററിന് 50 രൂപ നിരക്കിൽ കൊള്ളലാഭം കൊയ്യുകയുമാണ് മറുനാടൻ പാൽ ലോബികൾ. വലിയതോതിൽ ലാഭം നൽകുന്ന ഇത്തരം പാൽ വിൽക്കുന്നതിലൂടെ വ്യാപാരികളും മറുനാടൻ പാൽ ലോബിയുടെ ഭാഗമാകുകയാണ്. 23 രൂപക്ക് 400 മില്ലി ലിറ്റർ പാലാണ് മിൽമ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.

തെറ്റിദ്ധരിപ്പിച്ച് വിൽപ്പന

രണ്ടു കമ്പനികളുടെ കവർ പാലുകളാണ് മിൽമയാണെന്ന് തെറ്റിധരിക്കുന്ന തരത്തിൽ കവറുകളിൽ രൂപസാദൃശ്യവുമായി വിൽപന നടത്തുന്നത്. മിൽമയാണെന്ന് തെറ്റിധരിച്ച് കവർ പാൽ വാങ്ങി വീട്ടിലെത്തി ഉപയോഗിക്കുമ്പോഴാണ് തങ്ങൾ വാങ്ങിയത് ഒറിജിനൽ മിൽമയല്ലെന്ന് തിരിച്ചറിയുന്നത്. രണ്ടു കമ്പനികളുടെ കവറുകളും ഒറ്റനോട്ടത്തിൽ മിൽമയാണെന്ന് തന്നെയാണ് തോന്നുക. മിൽമയാണെന്ന് തെറ്റിധരിച്ച് സാധാരണക്കാർ ശ്രദ്ധിക്കാതെ ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കവറും, പശുവിന്റെ ചിത്രവും, എഴുത്തും, കവർ കളറും എല്ലാം മിൽമയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്. മിൽമയുടെ അംഗീകൃത ഏജൻസികളില്ലാത്ത മിൽമ വിൽപന നടത്തുന്ന കടകളിലും മറ്റുമാണ് ഇവ ഇടകലർന്നു വിൽപന നടത്തുന്നത്.

പാലിനു പുറമെ തൈരും മിൽമയുടെ അതേ കവർ സാദൃശ്യമുള്ളതാണ്. ഒരു കമ്പനി തിരുവനന്തപുരത്തും, മറ്റൊരു കമ്പനി പന്തളത്തുമാണ് ഡയറി ഫാം നടത്തുന്നത്. ഒറ്റനോട്ടത്തിൽ മിൽമ തന്നെയാണെന്നാണ് തോന്നുക. മിൽമ 500 മില്ലിയാണ് എങ്കിൽ മറ്റു രണ്ടും 450 മില്ലിയാണ്. മിൽമയേക്കാൾ ഒരു രുപ കൂടുതലുമാണ്. അതേ സമയം രണ്ടു കമ്പനികളും ലൈസൻസോട് കൂടി തന്നെയാണ് പ്രവർത്തിക്കുന്നത്. കച്ചവടക്കാർക്ക് ഇരു കമ്പനികളും മിൽമയേക്കാൾ കൂടതൽ കമ്മിഷൻ നൽകുന്നുണ്ടെന്നാണ് വിവരം. ഉപഭോക്താക്കൾ മിൽമ കവർ പാൽ ചോദിക്കുന്നതോടെ കച്ചവടക്കാർ ഇവ ഇടകലർത്തി വിൽപന നടത്തുകയാണ്. ഇതിൽ ഒരു കമ്പനി ഈയ്യിടെ അടുത്താണ് പേരുമാറ്റി മിൽമയുടെ രൂപസാദൃശ്യവുമായി വിപണിയിലെത്തിയത്. രൂപസാദൃശ്യമുള്ള കവർ പാൽ വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മിൽമ അധികൃതർ ഇരു കമ്പനികളിലേക്കും നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും തിരുവനന്തപുരത്തെ കമ്പനി മാത്രമാണ് വിശദീകരണം നൽകിയത്.

പ്രതിസന്ധിയിലായി കർഷകർ

മറുനാടൻ പാൽ വ്യാപകമാകുമ്പോൾ മിൽമക്കൊപ്പം പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്തെ ലക്ഷ കണക്കിന് ക്ഷീര കർഷകർ കൂടിയാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതിനാലും സുസ്ഥിര വില ലഭിക്കുന്നതിനാലും പുതുതായി വളരെയേറെ പേർ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അതിന്റെ ഭാഗമായി മിൽമയുടെ പാൽ സംഭരണം പ്രതീക്ഷക്കപ്പുറം വർധിച്ചിട്ടുണ്ട്. ദിനംപ്രതി ഏകദേശം 7.50 ലക്ഷം ലിറ്ററായി ഇത് വർധിച്ചു.
എന്നാൽ വിപണനം ഏകദേശം പ്രതിദിനം 4.60 ലക്ഷം ലിറ്ററായി കുറയുകയും ചെയ്തു. കൂടുതലുള്ള 2.8 ലക്ഷം ലിറ്ററോളം പാൽ പൊടിയും നെയ്യ്/വെണ്ണ എന്നിവയാക്കി സൂക്ഷിക്കുന്നതിലൂടെ പ്രതിദിനം ഭീമമായ നഷ്ടം മിൽമ സഹിച്ചുകൊണ്ടിരിക്കുകയുമാണ്. ഉപഭോക്താക്കൾ പാലിന് നൽകുന്ന വിലയുടെ 82 ശതമാനത്തിലധികം നേരിട്ട് കർഷകന് വിലയായി നൽകുന്നുണ്ട്. മിൽമയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ക്ഷീര കർഷകർ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. വിഷയത്തിൽ 16ന് രാവിലെ 10ന് ജില്ലയിലെ 30തോളം കേന്ദ്രങ്ങളിലായി ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകരുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്.