Connect with us

National

സംഘടനകള്‍ക്ക് വിദേശ സഹായം; മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഗവണ്‍മെന്റിതര സംഘടനകള്‍ക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് വര്‍ഷമായി നിലനില്‍ക്കുന്നതും 15 ലക്ഷം രൂപ സ്വമേധയാ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചതുമായ എന്‍ജിഒകള്‍ക്ക് മാത്രമേ ഇനി വിദേശ സഹായം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. വിദേശ സംഭാവന (റെഗുലേഷന്‍) ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ തേടുന്ന എന്‍ജിഒകള്‍, സംഭാവന എന്ത് ആവശ്യത്തിന് നല്‍കുന്നുവെന്ന് വ്യക്തമാക്കി സംഭാവന നല്‍കുന്നയാളുടെ കത്ത് ഹാജരാക്കണമെന്നും മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒകള്‍ ഭാരവാഹികളുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണമെന്നത് ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ നേരത്തെ കേന്ദ്രം കൊണ്ടുവന്നിരുന്നു. വിദേശത്ത് നിന്ന് സ്വീകരിക്കുന്ന സംഭാവനയുടെ 20 ശതമാനം മാത്രമേ ഓഫീസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ എന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്ക് വിദേശ സഹായം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇൗ നിയമ ഭേദഗതികള്‍ നിലവില്‍ വന്ന് രണ്ട് മാസത്തിനകമാണ് ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്.

വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒയിലും ഫണ്ട് നല്‍കുന്ന വിദേശസംഘടനയിലും ഒരേ ആളുകള്‍ അംഗങ്ങളാകുന്ന സാഹചര്യത്തില്‍ ഫണ്ട് സ്വീകരിക്കുന്നതിന് പ്രത്യേക മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ ഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒയുടെ മുഖ്യഭാരവാഹി ഫണ്ട് നല്‍കുന്ന സംഘടനയുടെ ഭാഗമാകാന്‍ പാടില്ല. മാത്രവുമല്ല എന്‍ജഒയുടെ 75 ശതമാനം ഭാരവാഹികളും വിദേശസംഘടനയുമായി ബന്ധമില്ലാത്തവരാകണമെന്നും വ്യവസ്ഥയുണ്ട്.

വിദേശത്ത് നിന്ന് പണം നല്‍കുന്നത് ഒരു വ്യക്തിയാണെങ്കില്‍, അദ്ദേഹം എന്‍ജിഒയുടെ ഭാരവാഹിയാകാന്‍ പാടില്ല. എന്‍ജിഒ ഭാരവാഹികളില്‍ 75 ശതമാനവും ഫണ്ട് നല്‍കുന്നയാളുടെ ബന്ധുക്കള്‍ അല്ലാത്തവരാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് 22,400 എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വിദേശ സംഭാവന (റെഗുലേഷന്‍) ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ 2016-17, 2018-19 സാമ്പത്തിക വര്‍ഷം വിദേശത്ത് നിന്ന് 58,000 കോടി രൂപയിലധികം വിദേശസംഭാവന സ്വീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest