രോഹിതിനെ പരിമിത ഓവര്‍ ക്രിക്കറ്റ് നായകനാക്കേണ്ട കാലം അതിക്രമിച്ചു: ഗംഭീര്‍

Posted on: November 12, 2020 1:30 am | Last updated: November 12, 2020 at 1:30 am

ന്യൂഡല്‍ഹി | പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ രോഹിത് ശര്‍മയെ ഇന്ത്യയുടെ നായകനാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് മുന്‍ താരവും ലോക്‌സഭാ എം പിയുമായ ഗൗതം ഗംഭീര്‍. ഇക്കഴിഞ്ഞ ഐ പി എലില്‍ രോഹിത്തിന്റെ നായകത്വത്തില്‍ അഞ്ചാം തവണയും മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ഗംഭീര്‍. രോഹിത്തിന് ഉടന്‍തന്നെ നായകസ്ഥാനം കൈമാറിയില്ലെങ്കില്‍ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനായിരിക്കുമെന്നും മുന്‍ താരം പറഞ്ഞു. വിരാട് കോലി മോശം ക്യാപ്റ്റനാണെന്ന് താന്‍ പറയുന്നില്ല. എന്നാല്‍, ഐ പി എല്‍ കിരീട നേട്ടത്തോടെ രോഹിത് നായകനെന്ന നിലയില്‍ ഒന്നുകൂടി മുന്നിലെത്തിയെത്തിയിരിക്കുകയാണ്.

ഒരു ക്യാപ്റ്റന് ടീമിനോളം നന്നാകാനേ കഴിയൂ എന്ന വാദം ശരിയാണ്. പക്ഷേ, ഒരു ക്യാപ്റ്റന്‍ നല്ലതാണോ മോശമാണോ എന്നു വിലയിരുത്താനുള്ള അളവുകോല്‍ എല്ലാവര്‍ക്കും സമാനമാകണം. രോഹിത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കു നയിച്ച നായകനാണെന്ന് മറക്കരുത്- ഗംഭീര്‍ പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളെ പോലെ ഓരോ ഫോര്‍മാറ്റിനും ഓരോ ക്യാപ്റ്റനെന്ന രീതി ഇന്ത്യക്കും പരീക്ഷിക്കാവുന്നതാണെന്നും ഗംഭീര്‍ പറഞ്ഞു.