അര്‍ണബ് ജയില്‍ മോചിതനായി; റോഡ് ഷോ ഒരുക്കി സ്വീകരിച്ച് അണികള്‍

Posted on: November 12, 2020 12:09 am | Last updated: November 12, 2020 at 12:09 am

മുംബൈ | ആത്മഹത്യാ പ്രേരണാ കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് റിപ്പബ്ലക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. മുംബൈ റായ്ഗഡ് ജില്ലയിലെ തലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണബിനെ റോഡ് ഷോ ഒരുക്കിയാണ് അനുയായികള്‍ സ്വീകരിച്ചത്.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അര്‍ണബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. തനിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അര്‍ണബ് പുറത്തുവന്നത്. തുടര്‍ന്ന് അര്‍ണബിനെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തി ആനയിച്ചു. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും നിരവധി പേര്‍ അര്‍ണബിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

റിപ്പബ്ലിക് ടിവിയുടെ ഓഫീസ് ഇന്റീരിയര്‍ വര്‍ക്ക് ചെയ്ത ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെ നായിക്കും മാതാവും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഓഫീസ് ഇന്റീരിയര്‍ ചെയ്ത വകയില്‍ ലക്ഷക്കണക്കിന് രൂപ അര്‍ണബ് തനിക്ക് തരുവാനുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ അന്‍വെ വ്യക്തമാക്കിയിരുന്നു.

നേരത്തെ ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അര്‍ണബ് ഗോസ്വാമി സുപ്രിം കോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിച്ചതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയതായും സുപ്രീം കോടതി നിരീക്ഷിച്ചു.

ALSO READ  ബാര്‍ക് റേറ്റിംഗില്‍ തട്ടിപ്പ്; റിപ്പബ്ലിക് ചാനല്‍ തലവന്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യും