ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസ് ആദ്യമായി 8000 പിന്നിട്ടു

Posted on: November 11, 2020 11:45 pm | Last updated: November 12, 2020 at 9:30 am

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതാദ്യമായി പ്രതിദിന കേസുകള്‍ എട്ടായിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 8593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 85 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന മരണമാണ് ഇത്. 93 ആണ് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യ.

കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഉത്സവ സീസണും ശൈത്യകാലവും ഒരുമിച്ച് എത്തിയതാണ് രോഗം വ്യാപിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പ്രതിദിന കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹിയില്‍ ആകെ രോഗികളുടെ എണ്ണം 4,59,975 ആയി. നിലവില്‍ 42,629 പേര്‍ ചികിത്സയില്‍ കഴിയുന്നു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ച സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയ ദിവസമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്രയും കേരളവും പോലുള്ള വലിയ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ കേസുകള്‍ ഡല്‍ഹിയില്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സ്ഥിതി നേരിടാന്‍ ശക്തമായ പദ്ക്കധതികള്‍ സര്‍ക്കാറിന്റെ പക്കലുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

കൊവിഡ് വ്യാപനം തടയാന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.