കള്ളനോട്ടുകള്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച സംഭവം; യുവാവ് അറസ്റ്റില്‍

Posted on: November 11, 2020 10:31 pm | Last updated: November 11, 2020 at 10:31 pm

പത്തനംതിട്ട | കൈയിലുള്ള കള്ളനോട്ടുകള്‍ കടകളില്‍ കൊണ്ടുപോയി മാറിയെടുക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷിന്‍ മുഖേന സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അഴൂര്‍ വേളൂരേത്ത് ശബരീനാഥി (31)നെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ ജി സുനില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മെഷിനില്‍ നിന്ന് പണമെടുത്ത ബേങ്ക് അധികൃതര്‍ അക്കൗണ്ട് ഉടമയുടെ വിശദവിവരങ്ങളും നിക്ഷേപിച്ചയാളുടെ സി സി ടി വി ദൃശ്യങ്ങളും സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ മൂന്നു പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് ഐ സി ഐ സി ഐ ബേങ്കിന്റെ സി ഡി എമ്മില്‍ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചത്. നിതിന്‍ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണമിട്ടത്. ഇതില്‍ അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു. ബേങ്ക് മാനേജരുടെ പരാതി പ്രകാരം നിതിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പണമിട്ടത് ശബരിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇയാളെയും വരുത്തി. അഖില്‍ എന്ന യുവാവാണ് തനിക്ക് പണം നല്‍കിയത് എന്നായിരുന്നു ശബരിയുടെ മൊഴി. അഖിലാകട്ടെ, കൊല്ലം സ്വദേശിയാണ് നോട്ടുകള്‍ തനിക്ക് കൈമാറിയതെന്ന് പോലീസിനോട് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ടുകള്‍ സി ഡി എമ്മില്‍ ഇട്ടയാളെന്ന നിലയില്‍ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി ശബരിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശബരി. സംഭവം ആസൂത്രിതമാണെന്നാണ് പോലീസ് കരുതുന്നത്.