ബഹ്റെെൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു

Posted on: November 11, 2020 3:14 pm | Last updated: November 11, 2020 at 11:46 pm

മനാമ | അര നൂറ്റാണ്ടോളം കാലം ബഹ്റെെൻ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ച ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. അസുഖ ബാധിതനായി യുഎസിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മയ്യിത്ത് നാട്ടിലെത്തിച്ച ശേഷം ഖബറടക്കും. ഖബറടക്ക ചടങ്ങുകളിൽ ബന്ധുക്കൾക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ബഹ്റെെൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അറിയിച്ചു.

ഖലീഫ ബിൻ സൽമാൻെറ നിര്യാണത്തിൽ അനുശോിച്ച് രാജ്യത്ത് ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും അടച്ചിടും. ദേശീയപതാക താഴ്ത്തിക്കെട്ടും.

രണ്ട് നൂറ്റാണ്ടിലേറെക്കാലം ബഹ്‌റൈന്‍ ഭരിച്ച ആൽ ഖലീഫ രാജകുടുംബത്തിലാണ് ഖലീഫ ബിന്‍ സല്‍മാന്റെ ജനനം. 1783 മുതൽ അൽ ഖലീഫ കുടുംബമാണ് ബഹ്റെെൻ ഭരിക്കുന്നത്. 1942 മുതല്‍ 1961 വരെ ബഹ്‌റൈന്‍ ഭരണാധികാരിയായിരുന്ന ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ് ആൽ ഖലീഫയാണ് പിതാവ്.

ലോകത്ത് ഏറ്റവു‌ം കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നയാളാണ് ഖലീഫ ബിൻ സൽമാൻ. 1971ൽ  ബ്രിട്ടനില് നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതു മുതല് ഖലീഫ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചുവരുന്നു. 2011-ൽ ബഹ് റൈനിൽ ഉടലെടുത്ത ജനകീയ പ്രതിഷേധത്തിന് അദ്ദേഹം ശക്തമായ മറുപടി നൽകി.