എന്‍ ഡി എ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലേക്ക്; ക്രമക്കേട് ചൂണ്ടിക്കാട്ടി മഹാസഖ്യം സുപ്രീം കോടതിയിലേക്ക്

Posted on: November 11, 2020 7:17 am | Last updated: November 11, 2020 at 4:37 pm

പാറ്റ്‌ന | 24 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിന് ശേഷവും ബിഹാര്‍ രാഷ്ട്രീയത്തിലെ ആകാംശ അവസാനിക്കുന്നില്ല. 500ല്‍ കുറഞ്ഞ വോട്ടിന് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ സാഹചര്യത്തില്‍ കേസ് സുപ്രീം കോടതിയിലേക്ക് നീളുകയാണ്. ഇന്ന് തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം. അതേ സമയം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ ഡി എ ഇന്ന് തന്നെ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലേക്കും കടക്കും. നിതീഷ് ഇന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

12 സീറ്റുകളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആര്‍ ജെ ഡിയും ഇടത് കക്ഷികളും കോണ്ടഗ്രസും ആരോപിക്കുന്നു. വിജയിച്ച ശേഷം സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് തങ്ങള്‍ പരാജയപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചത് ക്രമക്കേടിന്റെ തെളിവാണെന്നാണ് ആര്‍ ജെ ഡിയുടെ ആരോപണം. അവസാന നിമിഷംവരെ മുന്നില്‍ നിന്ന ശേഷമാണ് സി പി ഐ (എല്‍ എല്‍) സ്ഥാനാര്‍ഥികള്‍ മൂന്ന് സീറ്റില്‍ പിന്തള്ളപ്പെട്ടു. എന്നാല്‍ രാത്രി ഒരു മണിയോടെ വാര്‍ത്താ സമ്മേളനം നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയും വോട്ടണ്ണല്‍ പൂര്‍ത്തിയായതായി പ്രഖ്യാപിക്കുകയുമായിരുന്നു.