125 – 110; ബിഹാറില്‍ എന്‍ ഡി എ ഭരണം നിലനിർത്തി

Posted on: November 10, 2020 7:34 pm | Last updated: November 11, 2020 at 7:57 am

പാറ്റ്‌ന | പതിനെട്ട് മണിക്കൂർ നീണ്ട അത്യന്തം ഉദ്വേഗജനകമായ  വോട്ടെണ്ണൽ അവസാനിച്ചപ്പോൾ  ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ 2015 ന്റെ തനിയാവർത്തനം.  125 സീറ്റുകൾ നേടി എൻ ഡി എക്ക് ഭരണം നിലനിർത്താനായി. മഹാസഖ്യം 110 സീറ്റുകൾ നേടി.  ഏഴിടങ്ങളിൽ മറ്റു കക്ഷികളും ഒരിടത്ത് എൽജെപിയും വിജയിച്ചു. 243 സീറ്റിൽ കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്.

മഹാസഖ്യത്തില്‍ 75 സീറ്റുകൾ നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്‍ ഡി എയിലെ ബി ജെ പി 74, ജെഡിയു 43, വിഐപി 4, എച്ച് എഎം 4 എന്നിങ്ങനെയാണ് സീറ്റ് നില.  കോണ്‍ഗ്രസ് 19 സീറ്റുകളിലും സിപിഐ-എംഎല്‍ 12 സീറ്റുകളിലും സിപിഎമ്മും സിപിഐഉം രണ്ട് വീതം സീറ്റുകളിലുമാണ് വിജയിച്ചത്. മറ്റു കക്ഷികളില്‍ അസദുദ്ധീന്‍ ഉവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകളിലും ഒരിടത്ത് ബി എസ് പിയും  സീറ്റ് നേടി.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ മഹാസഖ്യം വന്‍തോതില്‍ ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് എന്‍ഡിഎ വെച്ചടി വെച്ചടി കയറുന്നതാണ് കണ്ടത്. എന്നാല്‍ വോട്ടെണ്ണല്‍ ഏകദേശം പത്ത് മണിക്കൂര്‍ പിന്നിട്ടതോടെ ഒരു തൂക്കുസഭയുടെ സാധ്യതകളിലേക്ക് കാര്യങ്ങള്‍ എത്തി. ആര്‍ക്കും വ്യക്തമായ ലീഡോ കേവലഭൂരിപക്ഷമോ ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു അപ്പോള്‍. ഇതിനിടെ ഇരു കക്ഷികളും മറ്റു കക്ഷികളെ പിടിക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. മറ്റു കക്ഷികളില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം മഹാസഖ്യത്തെ പിന്തുണച്ചാല്‍ അവര്‍ക്ക് ഭരണം ഉറപ്പിക്കാവുന്ന സാഹചര്യമായിരുന്നു മുന്നില്‍. എന്നാല്‍ വോട്ടെണ്ണല്‍ ഏകദേശം 90 ശതമാനം പിന്നിട്ടതോടെ സ്ഥിതി വീണ്ടും മാറി. എന്‍ഡിഎ കേവലഭൂരിപക്ഷം ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.

അതിനിടെ,  ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഫലം എന്‍ഡിഎക്ക് അനുകൂലമാക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. കോൺഗ്രസും സമാനമായ ആരോപണം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമിപിച്ചിരുന്നു.

38 ജില്ലകളിലായി 55 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എയും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് നേതൃത്വം നല്‍കിയ മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യം 125 സീറ്റുകള്‍ നേടിയിരുന്നു. മഹാസഖ്യം 110ഉം മറ്റുള്ളവ എട്ടും സീറ്റുകളിലാണ് ജയിച്ചിരുന്നത്.

ALSO READ  ബിഹാർ: ശക്തി സംഭരിക്കാൻ മഹാസഖ്യം