Connect with us

National

LIVE: ലീഡ് നില മാറിമറിഞ്ഞ് ബിഹാർ; ഇരുമുന്നണികളും പ്രതീക്ഷയിൽ

Published

|

Last Updated

പാറ്റ്‌ന | ബിഹാറില്‍ വോട്ടെണ്ണല്‍ ആറാം മണിക്കൂറിലെത്തുമ്പോള്‍ ലീഡ് നില മാറിമറയുന്നു. ഒരുവേള വ്യക്തമായ മേധാവിത്വം പ്രകടിപ്പിച്ച എൻ ഡി എയുടെ ലീഡിൽ ഇപ്പോൾ വലിയ കുറവ് കാണുന്നുണ്ട്.  തുടക്കം മുതൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർ ജെ ഡിയെ ലീഡ് നിലയിൽ ബി ജെ പി മറികടക്കുന്നുണ്ട്. 121 സീറ്റുകളിലാണ് എൻ ഡി എ ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. 113 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

എൻ ഡി എയുടെ ലീഡ് നില ഒരുവേള 130ന് മുകളിൽ പോയിരുന്നു. ആദ്യ മണിക്കൂറുകളിൽ നിന്ന് വ്യത്യസ്തമായി കക്ഷികളുടെ അടിസ്ഥാനത്തില്‍ ആര്‍ ജെ ഡിയുടെ ലീഡ് കുറഞ്ഞുവരുന്നുണ്ട്. അതേസമയം, ബി ജെ പി ലീഡ് ഉയർത്തുന്ന കാഴ്ചയാണുള്ളത്. ആർ ജെ ഡി 73ഉം ബി ജെ പി 74ഉം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെ ഡി യു 43ഉം കോണ്‍ഗ്രസ് 23ഉം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ചിരാഗ് പാസ്വാന്റെ എല്‍ ജെ പി 2 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. എൽ ജെ പി നേരത്തേ എട്ട് സീറ്റുകളിൽ ലീഡ് ചെയ്തിരുന്നു. മറ്റുള്ളവ 29 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യം 125 സീറ്റുകൾ നേടിയിരുന്നു. മഹാസഖ്യം 110ഉം മറ്റുള്ളവ എട്ടും സീറ്റുകളിലാണ് ജയിച്ചിരുന്നത്.

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിയത്. രാവിലെ 7.43നാണ് പാറ്റ്‌നയിലെ സ്‌ട്രോംഗ് റൂം തുറന്നത്.

കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിക്കിടെ പൂര്‍ണതോതില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ബിഹാറിലെത്. 15 വർഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ ഡി എയും ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് നേതൃത്വം നൽകിയ മഹാസഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കേന്ദ്രത്തിൽ ബി ജെ പിയെ പിന്തുണക്കുന്ന ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽ ജെ പി, ജെ ഡി യു മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നു.

LIVE UPDATES:

Latest