Connect with us

Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: ഖമറുദ്ദീനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ ഉത്തരവ്‌

Published

|

Last Updated

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെ നേരിട്ട് ഹാജരാക്കണമെന്ന് ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി. ഖമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് ഖമറുദ്ദീനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. കസ്റ്റഡി അപേക്ഷ അതിന് ശേഷം പരിഗണിക്കാമെന്നും ഖോടതി വ്യക്തമാക്കി.

അതേസമയം, 13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് (പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തട്ടിപ്പ് നടത്തി) കേസില്‍ നിലനില്‍ക്കില്ലെന്നും ജ്വല്ലറി നഷ്ടത്തിലാവുന്നതുവരെ ലാഭവിഹിതം നല്‍കിയെന്നുമാണ് ഖമറുദീന്റെ അഭിഭാഷകന്റെ വാദം. കമറുദ്ദീന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ശനിയാഴ്ചയാണ് ഖമറുദ്ദീന്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയും ഫാഷന്‍ ഗോള്‍ഡ് എംഡിയുമായ പൂക്കോയ തങ്ങള്‍ ഒളിവിലാണ്. അദ്ദേഹത്തിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.