നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളിൽ അരങ്ങേറിയ അനീതി

അതിഥി വായന
Posted on: November 8, 2020 8:09 am | Last updated: November 12, 2020 at 1:22 pm
ഖബർ- കെ ആർ മീര

കേരളീയ വായനാസമൂഹത്തിന്റെ ഗ്രാഫ് ആശ്ചര്യകരമാം വിധം മേൽപ്പോട്ടുയർത്തിയ, ഏറെ പുരസ്‌കൃതമായ ‘ആരാച്ചാർ’ന് ശേഷം കെ ആർ മീര എഴുതിയ നോവലാണ് ഖബർ. മഹേന്ദ്രജാലത്തിന്റെ അതിസുന്ദരമായ സൗരഭ്യം നിറഞ്ഞുനിൽക്കുന്ന വിശാലമായ ആകാശത്തിലൂടെ വായനക്കാരന്റെ കൈ പിടിച്ചു കെ ആർ മീര പറക്കാനൊരുങ്ങുമ്പോൾ എത്രമേൽ അനുഭവിച്ചിട്ടും മതിയാകുന്നില്ലെന്നും ഓരോ വായനയിലും കാഴ്ചകളും കാഴ്ചയുടെ അർഥഭേദങ്ങളും മറ്റൊരു കൺകെട്ട് പോലെ തന്നെ മാറിമറിയുകയുമാണ് എന്നതാണ് ഖബർ വായനയുടെ ആദ്യത്തെ സാക്ഷിമൊഴി.

കാലങ്ങളായി തർക്കസ്ഥാനമായി തുടർന്നു വന്നിരുന്ന ഒരു ആരാധനാലയത്തിന്റെ കേസിൻ മേൽ, മതേതര ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത നീതിപീഠം സന്ദേഹങ്ങളേതുമില്ലാതെ, നാട്ടിൻപുറത്തെ നാലാംകിട “പഞ്ചായത്ത്‌’പറയുന്ന ലാഘവത്തോടെ വിധി പ്രസ്താവിച്ച അതേ തിയ്യതിക്ക് തന്നെയാണ് പൂർവീകരുടെ ഖബർ സംരക്ഷിച്ചെടുക്കാൻ കോടതിയിൽ എത്തിയ ഖയാലുദ്ധീൻ തങ്ങൾക്ക് മസ്തിഷ്ക മരണം സംഭവിക്കുന്നത് എന്നത് കേവലം യാദൃച്ഛികമല്ലെന്നും രചനാപരമായ തന്ത്രം മാത്രമായി വിവക്ഷിക്കേണ്ടതല്ലെന്നും തിരിച്ചറിയാൻ ആമുഖക്കുറിപ്പിൽ മീര നടത്തുന്ന “കഥയും കഥാപാത്രങ്ങളും തീർത്തും സാങ്കൽപ്പികമാണെങ്കിലും കഥ നടക്കുന്ന കാലം യഥാർഥമാണെന്ന’ പ്രസ്താവന ഒന്ന് ഓർത്തെടുത്താൽ മാത്രം മതിയാകും. ‘നീതി വിചാരത്തിന്റെ പരിവേഷത്തിനുള്ളിൽ അരങ്ങേറിയ നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ ആർ മീര ഖബർ എന്ന നോവലിലൂടെ പറയുന്നത്. നിയമവും അധികാരവും താർക്കിക യുക്തിയും ചേർന്ന് അടക്കം ചെയ്ത നീതിയുടെ കഥ. ഒരു രാഷ്ട്രം അതിന്റെ അതിദീർഘമായ ജീവിതംകൊണ്ടു പടുത്തുയർത്തിയ പങ്കുവെയ്പ്പിന്റെ ചരിത്രത്തെ നിയമനിർവഹണം ഖബറടക്കിയതിന്റെ കഥ’.

സുനിൽ പി ഇളയിടം ‘ഖബർ’നെയും “ഖബർ ഇടങ്ങളെ’യും കണ്ടെത്താൻ ശ്രമിക്കുന്ന വരികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ വർത്തമാനകാല രാഷ്ട്രീയ-നീതിനിർവഹണ വ്യവസ്ഥിതിയോടും ഇന്ത്യ മഹാരാജ്യത്തിന്റെ രാഷ്ട്ര സ്ഥിതി വിശേഷങ്ങളോടും എഴുത്തുകാരി നടത്തുന്ന കൺതുറന്നുള്ള പോരാട്ടം തന്നെയാകാം ഖബറിന്റെ ഉള്ളടക്കം എന്നത് പോലെ, ഔന്നിത്യമേറിയ പദവികൾ അലങ്കരിക്കുമ്പോഴും തന്നിലെ സ്ത്രീത്വവും ആദരിക്കപ്പെടാൻ സഹജമായ ഉള്ളുണർച്ചകളോടെ അവൾ കാത്തിരിക്കുന്നുണ്ടെന്ന സാദാ ജീവിതവും സുഭദ്രമായി തന്നെ വരച്ചു കാണിക്കാൻ എഴുത്തുകാരിക്ക് സാധ്യമാകുന്നുണ്ടെന്ന് നമുക്കും വായനക്കൊടുവിൽ ബോധ്യമാകുന്നുണ്ട്.

നൂറ്റാണ്ടുകൾക്ക് മുമ്പ് സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്ത, ചതിക്കപ്പെടുകയും മരിക്കുകയും ചെയ്ത ഒരാളാണ് ഇതിനുള്ളിൽ. ആ വേരിൽ നിന്നാണ് ഞാൻ പൊട്ടിക്കിളിർത്തത്. ഖബർ എന്നത് വെറുമൊരു മൺകൂനയല്ലെന്നും തന്റെ അസ്തിത്വത്തിന്റെ സമാരംഭം അവിടെ നിന്നാണ് വേരെടുക്കുന്നതെന്നും ഉറച്ചു വിശ്വസിക്കുന്ന ഖയാലുദ്ധീൻ തങ്ങൾ ഒരർഥത്തിൽ തന്റെ അസ്തിത്വം തെളിയിക്കാനും സംരക്ഷിക്കാനും തന്നെയാണ് ശ്രമിക്കുന്നത്. കേസിന്റെ വിധി പറയാൻ ബാധ്യസ്ഥയായ ജസ്റ്റിസ് ഭാവനയും തന്റെ ജീവിതത്തോടും ചുറ്റുപ്പാടുകളോടും പോരാടുന്നതും അതേ ലക്ഷ്യം സാധിച്ചെടുക്കാൻ തന്നെയാണ്.
“പുറമെ വള്ളിയിൽ തൂങ്ങിയാടുന്നവളായിരിക്കുകയും അകമേ, അവൾക്കുള്ളിൽ തിന്നിട്ടും തിന്നിട്ടും തീരാതിരുന്ന യക്ഷിപ്പാലയും അതിൽ തറച്ച നാഗങ്ങളെ അണിഞ്ഞവളും ലയിച്ചു ചേർന്നിരുന്നു. അവൾ ഇല്ലാതായില്ല.രണ്ടിലൊരാൾ ഉള്ളിടത്തോളം രണ്ടുപേരും ഇല്ലാതാകുമായിരുന്നില്ല’. എന്നൊരു തിരിച്ചറിവിൽ എത്തുന്നത് വരെക്കും ഞാനാര് എന്നൊരു ചോദ്യം ജസ്റ്റിസ് ഭാവനയെ ആഴത്തിൽ അസ്വസ്ഥമാക്കിയതിന്റെ അടയാളവാക്യങ്ങൾ കൂടിയാണ് കഥയുടെ മഹേന്ദ്രജാലം ഇത്രമേൽ ആസ്വാദ്യകരമാക്കിയത്. ജീവിതത്തിന്റെ നിർണായകമായ ഒരു ഘട്ടത്തിൽ തീരുമാനമെടുക്കാൻ ഭാവന അമ്മയെ ചെന്ന് കാണുമ്പോൾ അമ്മ നൽകുന്ന ഉപദേശം ടാഗോറിന്റെ വരികൾ ഓർമിക്കാനാണ്.

ALSO READ  പോസ്റ്റ്മോർട്ടം ടേബിളിലെ നിശബ്ദ നിലവിളികൾ

‘കൂട്ടിനുള്ളിലാണെങ്കിൽ ചിറക് വിടർത്താൻ ഇടമില്ല. പക്ഷേ, പിടിച്ചിരിക്കാൻ അഴിയുണ്ടാകും. ആകാശത്താണെങ്കിൽ ചിറക് വിരിക്കാൻ ഇടമുണ്ടാകും. പിടിച്ചിരിക്കാൻ അഴിയുണ്ടാവില്ല. ഏതു വേണെന്ന് തീരുമാനിക്കേണ്ടത് നീയാണ്.’ എന്ന് പറയുമ്പോൾ ബന്ധങ്ങൾ കൊണ്ടു അടക്കം ചെയ്ത ഖബറുകളിൽ നിന്ന് സ്വത്വബോധത്തിന്റെ റൂഹുകളെ പുറത്തെടുക്കാൻ തന്നെയാണ് അമ്മ മകളോട് പറയാൻ ശ്രമിക്കുന്നത്. തീർത്തും വൈകാരികമായ ഒരാവശ്യം സംരക്ഷിച്ചു കിട്ടാൻ നീതിപീഠത്തിന് മുന്നിൽ എത്തിയ ഒരാൾ തെളിവും രേഖകളും സാക്ഷി മൊഴികളും മാത്രം അവലംബമാക്കിയുള്ള കോടതികളുടെ വിധി പ്രസ്താവത്തെ എത്രമേൽ ആത്മാർഥമായി സ്വീകരിക്കുമെന്നും അംഗീകരിച്ചു സ്വയം വഴങ്ങുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. തെളിവുകളും രേഖകളും സാക്ഷികളും ഇല്ലെന്നായാലും ഖബർ ഇല്ലാതാകുന്നില്ല എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ, അത് വർത്തമാനകാല ഇന്ത്യ മുഖമുദ്രയാക്കികൊണ്ടിരിക്കുന്ന പൊളിച്ചു മാറ്റലുകളിലേക്ക് തന്നെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് വായനക്കാരന് അനുഭവിച്ചറിയാവുന്നതേയുള്ളൂ. പ്രസാധകർ ഡി സി ബുക്സ്. വില 120 രൂപ.