Connect with us

Kerala

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: എം സി ഖമറുദ്ദീന്‍ എംഎൽഎയെ റിമാൻഡ് ചെയ്തു

Published

|

Last Updated

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ എം സി ഖമറുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചന്ദേര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിൽ ശനിയാഴ്ച വെെകീട്ടോടെയാണ് ഖമറുദ്ദീനെ  അറസ്റ്റ് ചെയ്തത്. എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് ഖമറുദ്ദീന് എതിരായ ആരോപണം.

തെളിവുകളെല്ലാം ഖമറുദ്ദീന് എതിരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 15 കോടിയുടെ തട്ടിപ്പ് തെളിഞ്ഞെന്നാണ് പോലീസ് പറയുന്നത്. ഐ പി സി 420, 406, 409 തുടങ്ങിയ ഗുരുതര വകുപ്പുകളാണ് അദ്ദേഹത്തിന് എതിരെ ചുമത്തിയിരിക്കുന്നത്. ഏഴ് മുതൽ പത്ത് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

ഇന്നു രാവിലെ 10 മണിക്കാണ് എംസി ഖമറുദ്ദീനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് ആരോപണം. ജ്വല്ലറിയുടെ പേരില്‍ നിക്ഷേപമായി സ്വികരിച്ച പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ നിരവധി കേസുകള്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിനകം 80 പേരില്‍നിന്ന് അന്വേഷകസംഘം മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് എം എല്‍ എയേയും ചോദ്യം ചെയത് അറസ്റ്റ് രേഖപ്പെടുത്തിയത്.