Connect with us

Ongoing News

ഹോള്‍ഡര്‍ കരുത്തില്‍ ഹൈദരാബാദ്; ബെംഗളൂരു പുറത്ത്

Published

|

Last Updated

അബൂദബി | ഹൈദരാബാദിനു മുന്നില്‍ കീഴടങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐ പി എല്‍ ഫൈനലിലെത്താനാകാതെ പുറത്ത്. എലിമിനേറ്റര്‍ അങ്കത്തില്‍ ആറു വിക്കറ്റിനാണ് ബെംഗളൂരുവിനെ ഹൈദരാബാദ് കെട്ടുകെട്ടിച്ചത്. ഏറിലും അടിയിലും മികച്ച പ്രകടനം കാഴ്ചവച്ച വിന്‍ഡീസ് താരം ജെയ്‌സണ്‍ ഹോള്‍ഡര്‍ ഹൈദരാബാദ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ബെംഗളൂരുവിനെ 131 റണ്‍സിലൊതുക്കിയ ഹൈദരാബാദ് രണ്ട് പന്ത് ബാക്കിനില്‍ക്കെ വിജയം കുറിച്ചു. ബെംഗളൂരുവിന്റെ ഏഴ് വിക്കറ്റുകള്‍ നിലംപതിച്ചപ്പോള്‍ ഹൈദരാബാദിന് നാലു വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്.

നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ കൊയ്ത ജെയ്‌സണ്‍ ഹോള്‍ഡര്‍ 20 പന്തില്‍ 24 റണ്‍സ് നേടി ബാറ്റിംഗിലും തിളങ്ങി. അവസാന ഓവറിലെ നാലാം പന്തില്‍ വിജയത്തിലേക്ക് തൊടുക്കപ്പെട്ട ബൗണ്ടറിയും ഹോള്‍ഡറുടെ വകയായിരുന്നു. 44 പന്തില്‍ അര്‍ധ ശതകം നേടിയ കെയിന്‍ വില്ല്യംസണ് ഗംഭീര പിന്തുണയാണ് ഹോള്‍ഡര്‍ നല്‍കിയത്.

ചെറിയ സ്‌കോറിലേക്ക് ബാറ്റുവീശിയ ഹൈദരാബാദിന് തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഓപ്പണര്‍ ഗോസ്വാമി റണ്ണൊന്നുമെടുക്കാനാകാതെ പുറത്തായപ്പോള്‍ വാര്‍ണര്‍ക്കും (17) മനീഷ് പാണ്ഡെക്കും (24) പ്രിയം ഗാര്‍ഗിനുമൊന്നും (7) ഫോം കണ്ടെത്താനായില്ല.വില്യംസണും ഹോള്‍ഡറും ചേര്‍ന്നപ്പോഴാണ് മത്സരം ഹൈദരാബാദിന് അനുകൂലമായി തിരിഞ്ഞത്. ഇരുവരും ചേര്‍ന്ന് പുറത്താകാതെ നേടിയ 65 റണ്‍സ് നിര്‍ണായകമായി.

നേരത്തെ, നാല് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട് ബെംഗളൂരു പരുങ്ങലിലായി. ഓപ്പണര്‍മാരായ വിരാട് കോലി (6), ദേവ്ദത്ത് പടിക്കല്‍ (1) എന്നിവരാണ് പുറത്തായത്. അപ്പോള്‍ 15 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഹോള്‍ഡറാണ് ഇരുവരുടെയും വിക്കറ്റെടുത്തത്. തുടക്കത്തിലേ ഏറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ബെംഗളൂരുവിന് കഴിഞ്ഞില്ല. 43 പന്തില്‍ 56 റണ്‍സെടുത്ത എബി ഡിവില്യേഴ്‌സും 30ല്‍ 32 നേടിയ ആരോണ്‍ ഫിഞ്ചും മാത്രമാണ് ബെംഗളൂരു നിരയില്‍ തിളങ്ങിയത്.