Connect with us

Kerala

16 ലക്ഷം പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

Published

|

Last Updated

തിരുവല്ല | ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 16 ലക്ഷം പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. തിരുവല്ല-ചങ്ങനാശ്ശേരി കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ നിര്‍മിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 16 ലക്ഷം ടാപ്പ് കണക്ഷന്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിക്കഴിഞ്ഞു. ജനങ്ങളെ സേവിക്കാനാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുള്ളത്. അത്തരത്തിലുള്ള ഇടപെലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ നിന്നും 58 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന തിരുവല്ല, ചങ്ങനാശ്ശേരി നഗരസഭകള്‍ക്കു വേണ്ടിയുളള കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായാണ് 7.8 കോടി രൂപ ചെലവിട്ട് 30,000 ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ ഓഫീസ് കെട്ടിടം നിര്‍മിച്ചത്. നിലവില്‍ പരിമിതമായ സ്ഥലസൗകര്യത്തില്‍ തിരുവല്ലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പി എച്ച് സര്‍ക്കിള്‍ ഓഫീസ്, പി എച്ച് സബ് ഡിവിഷന്‍, പി എച്ച് സെക്ഷന്‍ എന്നിവ പുതിയ സമുച്ചയത്തിലേക്ക് മാറ്റുന്നതു മൂലം പത്തനംതിട്ട ജില്ലയിലെ വാട്ടര്‍ അതോറിറ്റിയുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാകും.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയതായി നിര്‍മിച്ച 22 ദശലക്ഷം ശേഷിയുള്ള ജലസംഭരണിക്ക് കീഴില്‍ നാലു നിലകളിലായാണ് ഓഫീസ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. തിരുവല്ല സെക്ഷന്‍ ഓഫീസ്, സബ്ഡിവിഷന്‍ ഓഫീസ് എന്നിവയാണ് ഒന്നാം നിലയിലുള്ളത്. ഉപഭോക്തൃ സൗഹൃദമായ ആറു ബില്ലിംഗ് കൗണ്ടറുകളാണ് സെക്ഷന്‍ ഓഫീസിന് അനുബന്ധമായി നിര്‍മിച്ചിട്ടുളളത്. രണ്ടാം നിലയില്‍ പി എച്ച് സര്‍ക്കിള്‍ ഓഫീസും മൂന്നാം നിലയില്‍ ശീതീകരിച്ച നാലു വിശ്രമമുറികളുമുണ്ട്. 4300 ചതുരശ്ര അടി വിസ്തൃതിയുളള കോണ്‍ഫറന്‍സ് ഹാളും നിര്‍മിച്ചിട്ടുണ്ട്. 55 കിലോവാട്ട് ഉത്പാദനശേഷിയുള്ള സോളാര്‍ സംവിധാനവും ഓഫീസ് സ്ഥിതി ചെയ്യുന്ന ടാങ്കിനു മുകളിലായി സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ മാത്യു ടി തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു.

Latest