യു എസ് തിരഞ്ഞെടുപ്പ്: ബൈഡന്‍ ജയിച്ചാലും…

Posted on: November 5, 2020 5:10 am | Last updated: November 5, 2020 at 1:12 am

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സര്‍വത്ര അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. പ്രീ പോള്‍ സര്‍വേകളിലും പോളിംഗ് തുടങ്ങിയ ശേഷമുള്ള കണക്കെടുപ്പിലുമെല്ലാം 2008ന് ശേഷം ഏറ്റവും വലിയ ജനപ്രീതി രേഖപ്പെടുത്തിയ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡന്‍. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങള്‍ക്ക് പുറമേ ചുവപ്പ് കേന്ദ്രങ്ങളിലേക്ക് (റിപ്പബ്ലിക്കന്‍) അദ്ദേഹം കടന്നു കയറുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. അങ്ങനെ ഇലക്ടറല്‍ വോട്ടുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടി ബൈഡന്‍ വിജയം ഉറപ്പിക്കുമെന്നായിരുന്നു പ്രവചനം. പോള്‍ സര്‍വേകള്‍ അത് നടത്തുന്നവരുടെ ആഗ്രഹം കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അത് ആഗോള രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഒരു ജനാധിപത്യവാദിയെയും സന്തോഷിപ്പിക്കുന്നതല്ല. മാത്രമല്ല, നെക് ടു നെക് മത്സരം ജനാധിപത്യവിരുദ്ധമായ പ്രവണതകളിലേക്ക് അമേരിക്കയെ നയിക്കുമെന്നാണ് തോന്നുന്നത്. ശതമാനക്കണക്കില്‍ ബൈഡന്‍ അല്‍പ്പം മുന്നിട്ടു നില്‍ക്കുമ്പോള്‍ ട്രംപ് നടത്തിയ പ്രഖ്യാപനത്തില്‍ തിണ്ണമിടുക്ക് രാഷ്ട്രീയത്തിന്റെ ആക്രോശം കേള്‍ക്കാം: “ഇത് അമേരിക്കന്‍ ജനതയോടുള്ള “ചെറ്റത്തര'(ഫ്രോഡ് എന്നാണ് മൊഴിഞ്ഞത്)മാണ്. ഞങ്ങള്‍ ജയിക്കുകയായിരുന്നു. നേരേ പറഞ്ഞാല്‍ ഞങ്ങള്‍ ജയിച്ചു കഴിഞ്ഞതാണ്. രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇനി ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കും. വോട്ടിംഗുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കണം’. എന്താണ് ഈ പറഞ്ഞതിന്റെ അര്‍ഥം? സമ്പൂര്‍ണ വോട്ടിംഗ് ദിവസം രേഖപ്പെടുത്തിയ വോട്ടില്‍ താന്‍ ജയിക്കുമെന്ന് ട്രംപ് ഉറപ്പിക്കുന്നു. ഇനിയുള്ളത് മെയില്‍(ബാലറ്റ്) വോട്ടുകളാണ്.

ഇത്തവണ അത് അമ്പത് ശതമാനത്തില്‍ അധികം വരും. ആ വോട്ടുകളില്‍ തന്റെ പരാജയം മറഞ്ഞിരിക്കുന്നുവെന്ന് ട്രംപ് ഭയക്കുന്നു. അവയെ സംശയത്തിന്റെ നിഴലിലാക്കുകയാണ് തന്ത്രം. അത് അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്. ഏര്‍ളി വോട്ടിംഗ് മൊത്തം പിഴയാണെന്ന്. കൊവിഡ് മഹാമാരിയുടെ ഭീതിയാണല്ലോ ഏര്‍ളി വോട്ടിംഗിന്റെ ശതമാനം ഇത്ര കൂട്ടിയത്. കൊവിഡ് എങ്ങനെ നോക്കിയാലും തന്റെ അന്തകനാണെന്ന് ട്രംപിനറിയാം. അതുകൊണ്ട് താന്‍ തന്നെ നിയമിച്ച ജഡ്ജിമാരിരിക്കുന്ന കോടതിയില്‍ ചെന്ന് വിജയം വാങ്ങിയെടുക്കാം. തോറ്റാലും തോല്‍ക്കില്ല. ബൈഡന്‍ ജയിച്ചാലും ജയിക്കില്ല. പരാജിത രാഷ്ട്രങ്ങളെന്ന് അമേരിക്കക്കാര്‍ ആഫ്രോ- ഏഷ്യന്‍- അറബ് രാഷ്ട്രങ്ങളെ വിളിക്കാറുണ്ടല്ലോ. കുത്തിത്തിരിപ്പിന്റെ ഫലമാണ് അവിടുത്തെ പ്രശ്‌നങ്ങള്‍. യു എസ് അത്തരമൊരു കലാപത്തിലേക്ക് നീങ്ങുകയാണോ?

സത്യത്തില്‍ ഇപ്പോള്‍ നാം ഈ സംസാരിക്കുന്നതൊന്നും ഔദ്യോഗിക ഫലപ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലല്ല. നമ്മുടെ നാട്ടിലെപ്പോലെ തിര. കമ്മീഷന്‍ നല്‍കുന്ന ഫലങ്ങളൊന്നുമല്ല മുമ്പിലുള്ളത്. മാധ്യമങ്ങളുടെ കണക്കുകളാണ് ജയാപജയ വിലയിരുത്തലുകളുടെ അടിസ്ഥാനം. അല്ലെങ്കില്‍ സ്ഥാനാര്‍ഥികളോ അവരോട് അടുത്തവരോ നടത്തുന്ന പ്രഖ്യാപനങ്ങള്‍. ഇതെഴുതുമ്പോള്‍ ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 227 എണ്ണം ബൈഡന്‍ സ്വന്തമാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കണക്കില്‍ ട്രംപിന്റെ കൈയിലുള്ളത് 213 വോട്ടുകളാണ്. 270 ആണല്ലോ വിജയ സംഖ്യ. ഗാര്‍ഡിയന്‍ പറയുന്നത് ബൈഡന്‍ 238 വോട്ടുകള്‍ നേടിയെന്നാണ്. ട്രംപ്-213. സി എന്‍ എന്‍ കണക്ക് വേറെയാണ്. അവിടെ ബൈഡന് 220 ആണ്. ട്രംപ് 213 തന്നെ. ഫ്‌ളോറിഡയില്‍ വലിയ അട്ടിമറി നടന്നില്ല. അത് ട്രംപിന്റെ വഴിയേ തന്നെ പോയി. പെന്‍സില്‍വാനിയയില്‍ എന്ത് നടക്കുമെന്നതാണ് ഒരു ആകാംക്ഷ. ഇതടക്കം അനിശ്ചിത (സ്വിംഗ്) സ്റ്റേറ്റുകളുടെ കാര്യത്തില്‍ എന്ത് നടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ ഫലം. മിഷിഗണ്‍, വിസ്‌കോന്‍സിന്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ, നവാഡ തുടങ്ങിയവ ഉദാഹരണം. ജനുവരി ആറിന് ഉച്ചക്ക് കോണ്‍ഗ്രസ് ചേര്‍ന്ന് ഇലക്ടറല്‍ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ മാത്രമേ പ്രസിഡന്റ് ആരെന്ന് ഔദ്യോഗികമായി തീരുമാനിക്കപ്പെടൂ. ബാക്കിയെല്ലാം കണക്കാണ്. ജനകീയ വോട്ടുകള്‍ എത്ര കിട്ടിയാലും ഇലക്ടറല്‍ വോട്ടുകളാണ് പ്രസിഡന്റിനെ നിശ്ചയിക്കുന്നത്.

ALSO READ  നിര്‍ണായക നിയമ വ്യവഹാരത്തിന്റെ ശില്‍പ്പി

കടുത്ത വംശീയവാദിയും കുടിയേറ്റ, മുസ്‌ലിം വിരുദ്ധനും യുദ്ധോത്സുകനുമായ ഒരു മനുഷ്യന്‍ 2016ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്നതില്‍ തുടങ്ങുന്ന രാഷ്ട്രീയ അട്ടിമറി ഇപ്പോഴും തുടരുന്നുവെന്ന് തന്നെയാണ് സങ്കീര്‍ണമായ ഈ വോട്ടെണ്ണലിന്റെ മുമ്പിലിരിക്കുമ്പോഴും തെളിഞ്ഞു കാണുന്നത്. അമേരിക്കക്കാര്‍ പൊതുവെ സൂക്ഷിക്കുന്ന മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു. ട്രംപ് മുന്നോട്ട് വെക്കുന്ന തീവ്ര വലതുപക്ഷ ആശയങ്ങള്‍ അമേരിക്കന്‍ വെള്ളക്കാര്‍ക്കിടയില്‍ എന്നേ ശക്തിയാര്‍ജിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പോലെ ആക്രോശിക്കുന്നവരെ അമേരിക്കക്കാര്‍ ഇഷ്ടപ്പെടാറില്ല. പാശ്ചാത്യ ലോകത്തിന്റെ ഹിപോക്രസിയുടെ ഭാഗമാണ് അത്. എന്നാല്‍, തീവ്ര വലതുപക്ഷ രാഷ്ട്രീയം അതിന്റെ എല്ലാ മറകളും പൊളിച്ച് പച്ചക്ക് പ്രത്യക്ഷപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യം ട്രംപിനെ അമേരിക്കക്കാര്‍ക്ക് സ്വീകാര്യനാക്കി. ഹിലരി ക്ലിന്റനെതിരെ ലൈംഗിക ചുവയുള്ള എത്ര പ്രസ്താവനകളാണ് അദ്ദേഹം അന്നത്തെ പ്രചാരണത്തില്‍ നടത്തിയത്. ഇത്തവണ അതേ സ്ത്രീവിരുദ്ധത ബൈഡന്‍ പാനലിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന് നേരേയാണ്. ഒരു കാലത്തും നടക്കാത്ത വ്യക്തി അധിക്ഷേപങ്ങളാണ് പ്രചാരണത്തിലുടനീളം ട്രംപ് നടത്തിയത്. മുന്‍ പ്രസിഡന്റുമാരെ പ്രചാരണത്തിലേക്ക് വലിച്ചിഴക്കരുതെന്ന പതിവും ബരാക് ഒബാമയെ അധിക്ഷേപിച്ച് ട്രംപ് തെറ്റിച്ചു. സഹികെട്ട് ഒബാമക്കും ചിലത് പറയേണ്ടി വന്നു.

ജര്‍മനിയിലും ബ്രിട്ടനിലും ഫ്രാന്‍സിലും ഇന്ത്യയിലും ബ്രസീലിലും പോളണ്ടിലുമെല്ലാം ആഞ്ഞുവീശുന്ന തീവ്ര വലതുപക്ഷ സുനാമിയുടെ അമേരിക്കന്‍ പതിപ്പായി മാറുകയായിരുന്നു ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ട് ബേങ്ക് വളരെക്കാലമായി സമ്പന്ന വിഭാഗമാണ്. വിദ്യാസമ്പന്നരും വെള്ളക്കാരും പാര്‍ട്ടിയെ പിന്തുണക്കുന്നു. ട്രംപ് ഈ പതിവുകളെ മുഴുവന്‍ തെറ്റിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ പലരും മുഖം തിരിഞ്ഞ് നില്‍ക്കുമ്പോഴും അണികളില്‍ നല്ലൊരു ശതമാനത്തിന്റെ പിന്തുണ അദ്ദേഹം ആകര്‍ഷിച്ചു. വിദ്യാസമ്പന്നരല്ലാത്തവരെ കൂടി പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിന്റെ അധികപ്രസംഗങ്ങള്‍ക്ക് സാധിച്ചു. എന്നുവെച്ചാല്‍ പരമ്പരാഗത പാറ്റേണുകളെ തകര്‍ത്തു കൊണ്ടാണ് ട്രംപ് എന്ന അനിവാര്യമായ തിന്‍മ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ പടര്‍ന്നത്.

വൈറ്റ് സൂപ്രമാസിസത്തിന്റെയും തീവ്ര ദേശീയതയുടെയും വൈകാരിക രാഷ്ട്രീയത്തിന്റെയും കൊടിപ്പടം താഴുന്നില്ലെന്ന് തന്നെയാണ് ലഭ്യമായ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. അറബ് രാജ്യങ്ങളെ തമ്മിലടിപ്പിച്ചും പേടിപ്പിച്ചും ഇസ്‌റാഈല്‍ ബാന്ധവത്തിലേക്ക് നയിച്ചു. ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ചു. ചൈനക്കെതിരായ നിഴല്‍ യുദ്ധത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചു. സര്‍വ അന്താരാഷ്ട്ര കരാറുകളും കീറിയെറിഞ്ഞു. ഈ നയങ്ങളെല്ലാം മറ്റുള്ളവരില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചപ്പോള്‍ അമേരിക്കന്‍ ജീവിതത്തെ ഒരു നിലക്കും ഉയര്‍ത്തിയില്ല. നിരന്തരം വാക്ക് മാറുന്ന പ്രസിഡന്റ് ആ ജനതയുടെ മാനം കെടുത്തുകയായിരുന്നു. കൊവിഡ് കൈകാര്യം ചെയ്തത് നോക്കൂ. ആദ്യം അദ്ദേഹം പറഞ്ഞു, ഇത് ചൈനീസ് വൈറസാണ്. അമേരിക്കയെ ഒരു ചുക്കും ചെയ്യില്ല. ഞങ്ങള്‍ സജ്ജമാണ് എന്തും നേരിടാന്‍. പിന്നെ അദ്ദേഹം മാറ്റിപ്പറയാന്‍ നിര്‍ബന്ധിതമായി. രണ്ട് ലക്ഷം പേര്‍ മരിക്കും. ഒരു ലക്ഷമാക്കി ചുരുക്കിയാല്‍ അത് എന്റെ വിജയമാണ്. മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മാത്രം മതി ഈ രോഗത്തെ പിടിച്ചു കെട്ടാനെന്നായി പിന്നീട്. ഏറ്റവും ഒടുവില്‍ അദ്ദേഹം പറഞ്ഞത് അണുനാശിനി കുത്തിവെച്ചും അള്‍ട്രാ വയലറ്റ് രശ്മി കടത്തിവിട്ടും വൈറസിനെ കൊല്ലാമെന്നാണ്. അതിനിടക്ക് കുടിയേറ്റം പൂര്‍ണമായി നിരോധിക്കുമെന്ന രാഷ്ട്രീയ പ്രഖ്യാപനവും അദ്ദേഹം നടത്തി. അമേരിക്ക അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുടിയേറ്റക്കാരാണെന്ന ധ്വനി പടര്‍ത്താനാണ് ശ്രമം. അത്യന്തം കൗശലപൂര്‍ണമായ രാഷ്ട്രീയ നീക്കമായിരുന്നു അത്. ഒടുവില്‍ ജനങ്ങള്‍ക്കിടയിലേക്ക് മാസ്‌ക് വലിച്ചെറിഞ്ഞ് “മാതൃക’യായ മഹാനാണ് അദ്ദേഹം.

ALSO READ  ക്ലാസ് മുറിയിൽ എന്ത് സംഭവിക്കും?

എന്നിട്ടും ജോ ബൈഡന് ഭൂരിപക്ഷം അനിശ്ചിതത്വത്തിന്റെ നൂല്‍പ്പാലത്തിലാകുന്നുവെങ്കില്‍ എന്താണ് അര്‍ഥമാക്കേണ്ടത്? ട്രംപിസം ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ളവര്‍ അത് തിരിച്ചറിയുന്നു. അതുകൊണ്ട് ഇനി ബൈഡന്‍ ജയിച്ചാല്‍ പോലും ഞാന്‍ സന്തോഷിക്കില്ല. ട്രംപിസം വാരിവിതറിയ അവബോധങ്ങളില്‍ നിന്ന് അദ്ദേഹത്തിനും മോചിതമാകാനാകില്ല.