Connect with us

National

അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ്; പ്രതിഷേധവുമായി കേന്ദ്രവും എഡിറ്റേഴ്‌സ് ഗില്‍ഡും

Published

|

Last Updated

ന്യൂഡല്‍ഹി | റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി എഡിറ്റേഴ്‌സ് ഗില്‍ഡും കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി. അറസ്റ്റ് ഞെട്ടലുണ്ടാക്കിയെന്ന് ഏഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ക്കെതിരെ സംസ്ഥാനത്തിന്റെ അധികാരപ്രയോഗം പാടില്ല. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന നടപടിയാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെയും മുംബൈ പോലീസിന്റെയും ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. ഫാസിസ്റ്റ് നടപടിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. മന്ത്രി ധര്‍മേന്ദ്ര പ്രധാനും പ്രതിഷേധം പ്രകടിപ്പിച്ചു. ഒരു എഡിറ്റര്‍ക്കെതിരെയുള്ള പ്രതികാര നടപടി അനുവദിച്ചാല്‍ ഇത്തരം സമീപനം നാളെ പലരും സ്വീകരിക്കുമെന്ന് രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വി നായിക്കിന്റെയും മാതാവിന്റെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മുംബൈയിലെ വസതിയില്‍ നിന്നാണ് അര്‍ണബിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അലിബാഗിലേക്ക് കൊണ്ടുപോയി. ടി ആര്‍ പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്നതിനിടയിലാണ് മറ്റൊരു കേസില്‍ അര്‍ണബ് പിടിയിലാകുന്നത്. അന്‍വി നായിക്കും മാതാവും ആത്മഹത്യ ചെയ്യുവാനിടയായ സംഭവത്തില്‍, ആത്മഹത്യാ പ്രേരണാ കുറ്റമാണ് അര്‍ണബിന് എതിരെ ചുമത്തിയത്. അര്‍ണബും മറ്റു രണ്ട് പേരും തനിക്ക് നല്‍കാനുണ്ടായിരുന്ന 5.40 കോടി രൂപ തനിക്ക് നല്‍കുവാനുണ്ടെന്നും പണം കിട്ടാത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മരണ കാരണമെന്നും ആത്മഹത്യാ കുറിപ്പില്‍
പറഞ്ഞിരുന്നു.

കോടതിയില്‍ നേരത്തെ അവസാനിപ്പിച്ച കേസ് ആയുധമാക്കിയാണ് മുംബൈ പോലീസ് നാടകീയ നീക്കം നടത്തിയത്. അര്‍ണബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ഏപ്രിലില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് ടി ആര്‍ പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി വിയുടെ പേര് എഫ് ഐ ആറില്‍ ഉള്‍പ്പടുത്തി സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു.
ഏതാനും നാളുകളായി മുംബൈ പോലീസ് തന്നെ വേട്ടയാടുകയാണെന്ന് അര്‍ണബ് നേരത്തെ ആരോപിച്ചിരുന്നു. സമണ്‍സോ മറ്റു രേഖകളോ ഒന്നും ഇല്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പബ്ലിക് ടിവി ആരോപിച്ചു. വീട്ടില്‍ കയറിയ പോലീസ് ബലമായാണ് അദ്ദേഹത്തെ പിടികൂടിയതെന്നും മര്‍ദിച്ചെന്നും ആരോപണമുണ്ട്.