മിന്നൽക്കഥാസാഹിത്യം പാറക്കടവിലെത്തുമ്പോൾ

Posted on: November 3, 2020 9:48 pm | Last updated: November 3, 2020 at 9:49 pm

ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മലയാള ചെറുകഥ അതിന്റെ ഭാവുകത്വത്തിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അരനൂറ്റാണ്ടിന്റെ ചരിത്രം മാത്രമുള്ള മിന്നൽക്കഥകൾ അവഗണിക്കാനാകാത്ത സാഹിത്യരൂപമായി പരിണമിച്ചിരിക്കുന്നു. സമീപ കാലം വരെയും സാഹിത്യത്തിൽ തീണ്ടൽ മനോഭാവത്തോടെ കണ്ടിരുന്ന ഈ കുഞ്ഞു രചനകൾ ഇന്നിന്റെ സാഹിത്യരൂപമായി മാറിയിരിക്കുന്നു.

പാറക്കടവിന്റെ കഥകൾ

മലയാള കവിതയിൽ കുഞ്ഞുണ്ണിക്കവിതകൾ നിർവഹിച്ച ധർമം കാവ്യ ചരിത്രത്തിന്റെ ഭാഗമാണ്. കഥയിൽ പാറക്കടവ് നടത്തിയത് അത്തരത്തിലുള്ള ഒരിടപെടലാണ്. മിന്നൽക്കഥകളെ ജനകീയമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആറ്റിക്കുറുക്കിയ രചനകളാണവ. നോവലെഴുതുമ്പോൾ പോലും ആ സൂക്ഷ്മത എഴുത്തുകാരൻ നിലനിർത്തി. ആദ്യമെഴുതിയ കുഞ്ഞുകഥ (വിസ) തന്നെ വിവാദമുണ്ടാക്കിയതോടെ കുഞ്ഞുകഥയാണ് വലിയ കഥയെന്ന് കാഥികൻ തിരിച്ചറിഞ്ഞു. അതോടെ നിരന്തരമായി കുറുങ്കഥകളെഴുതുകയായിരുന്നു.
കഥകളെക്കാൾ കവിത വായിച്ച എഴുത്തുകാരൻ ഏതു ഭാഷയിലെയും കവിതകളെ നെഞ്ചോടു ചേർക്കുന്നു.

“ഞായറാഴ്ച നിരീക്ഷണങ്ങൾ’ എന്ന വിവർത്തന കൃതിയിൽ പാലസ്തീനി, അറബി, സിറിയൻ, ഇറാഖി, സുഡാനി, ആഫ്രിക്കൻ, ഉഗാണ്ടൻ, പോളീഷ് കവിതകളെ ഉൾപ്പെടുത്തിയ കഥാകൃത്ത് ഒരു കാലത്ത് പാലസ്തീനി കവിതകൾ തേടി ഗൾഫ് നാടുകളിലെ ബുക്ക്സ്റ്റാളുകളിൽ അലഞ്ഞു നടന്നിട്ടുണ്ട്. ഇതു കൊണ്ടു തന്നെയാണ് പാറക്കടവിന്റെ കഥകളിൽ കവിതയുടെയും കഥയുടെയും ഇടക്കുള്ള വരമ്പ് തകർന്നു പോകുന്നത്. അങ്ങനെ ആ കഥകൾ കവിതയിൽ പിറന്ന കഥയും കഥയിൽ പിറന്ന കവിതയുമാകുന്നു. തത്വചിന്തയും ജീവിതത്തിന്റെ ക്രൂരമായ യാഥാർഥ്യങ്ങളും അവ അനാവരണം ചെയ്യുന്നു.

“കസാൻദ് സാക്കീസും വെള്ളിയാഴ്ചയും കുറേ ബുദ്ധിജീവികളും’ എന്ന കഥയിൽ കമ്യുവിനെയും യുക്കിയോ മിഷിമയേയും ആനന്ദിനെയും കെ വേണുവിനെയും ആരാധിച്ച പ്രവാസികൾ സ്വർണവില താഴ്ന്നുവെന്നറിയുമ്പോൾ എല്ലാം മറന്ന് തങ്ങളുടെ സാമ്പത്തിക നിലവാരമുയർത്തേണ്ടതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ബുദ്ധിജീവി എന്ന കഥയിൽ വിശക്കുന്ന മനുഷ്യാ പുസ്തകം കൈയിലെടുക്കൂ , അതൊരായുധമാണ് എന്ന ബ്രഹ്തിന്റെ വരികളുള്ള പുസ്തകവും നെരൂദയുടെ പുസ്തകങ്ങളും സാഹിത്യകാരൻ പിച്ചക്കാരന് കൊടുക്കുമ്പോൾ അയാളത് തൂക്കി വിറ്റ് വിശപ്പടക്കുന്നതായി അവതരിപ്പിക്കുന്നതിലൂടെ മനുഷ്യന്റെ എക്കാലത്തെയും വലിയ പ്രശ്നത്തിലേക്കാണ് കഥാകൃത്ത് കടന്നു ചെല്ലുന്നത്.
വിളക്ക് എന്ന കഥ: ” വിളക്ക് പറയാനാരംഭിച്ചു. ഒരു തുള്ളി വെളിച്ചം പോലും കാണുന്നില്ല. വിളക്ക് നോക്കിയതാകട്ടെ അതിന്റെ നിഴൽ ഭാഗത്തു മാത്രം.’ സ്വന്തം അസ്തിത്വം തിരിച്ചറിയാതെ പോകുന്ന ആധുനിക മനുഷ്യന്റെ നേരെയുള്ള ചാട്ടുളിയാണിത്. ഡയോജനിസ് എന്ന കഥയിൽ കഥാകൃത്ത് നേരത്തെ അവതരിപ്പിച്ചത് കെട്ടുപോയ റാന്തൽ വിളക്കുമായി കുടിലിലെത്തി മെഴുകുതിരി ഊതിക്കെടുത്തുന്ന ആധുനിക ഡയോജനിസിനെയാണ്.പിറന്നാൾ ആശംസ എന്ന കഥയിലും സമാന സന്ദർഭമാണുള്ളത്.

അസ്വാസ്ഥ്യത്തിന്റെ കനലുകൾ വായനക്കാരന്റെ ഹൃദയത്തിൽ വിതറിയിടുന്നു കഥാകാരൻ. പല കഥകളും കൊളുത്തിവലിക്കുന്നു. എന്നാൽ ഋജുവായതും മോഹനവുമാണാ ഭാഷാശൈലി. കഥയിലങ്ങോളമിങ്ങോളം പരുക്കൻ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ ഓളം വെട്ടുന്നു.
വർത്തമാനകാലത്തിന്റെ സങ്കീർണതകളും ആകുലതകളുമെല്ലാം പാറക്കടവിന്റെ കഥകൾക്ക് വളമാകുന്നു. ജനാധിപത്യത്തിന്റെ മൂല്യച്യുതിയും ഫാസിസത്തിന്റെ ഭീകരതയും എഴുത്തുകാരന്റെ ഉറക്കം കെടുത്തുന്നു.

ALSO READ  എരിഞ്ഞുകൊണ്ടിരിക്കുന്ന കീഴാള ജീവിതങ്ങൾ

ആധാർ എന്ന കഥ വായിക്കുക. “പാതയോരത്തെ കുനിഞ്ഞിരിക്കുന്ന ഭിക്ഷക്കാരന്റെ മുന്നിൽ പെട്ടെന്നു വന്നുനിന്ന വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ പട്ടാളക്കാരന്റെ തോക്കുകൾ ചോദിച്ചു: “ഭിക്ഷാ പാത്രം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ?”

“മതേതരത്വവും ജനാധിപത്യവും ഐ സി യുവിലായ കാലത്ത് ‘ എഴുത്തുകാരന്റെ മൗനം കുറ്റസമ്മതമായി കരുതുന്നതിനാലാണ് 2015ൽ കൽ ബുർഗി വധത്തിനെതിരെ കേന്ദ്ര സർക്കാറും എഴുത്തുലോകവും നാവരിഞ്ഞവരായി നിന്നപ്പോൾ അക്കാദമി അംഗത്വം രാജിവെക്കാൻ പാറക്കടവിനെ പ്രേരിപ്പിച്ചത്.

മലയാളത്തിലെ മിന്നൽക്കഥകളുടെ രാജാവ് ഉള്ളിൽ ഒരഗ്നി കൊണ്ടു നടക്കുന്നു. അനീതിക്കെതിരെ നെഞ്ചുയർത്തി നിന്ന് തുലിക ചലിപ്പിക്കാൻ എഴുത്തുകാരനെ പ്രാപ്തനാക്കുന്നത് ആ അഗ്നിയാണ്.