സഊദിയില്‍ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

Posted on: November 3, 2020 9:44 pm | Last updated: November 3, 2020 at 9:44 pm

ജിസാന്‍  | സഊദിയില്‍ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.തഞ്ചാവൂര്‍ കുംഭകോണം പരേതരായ അഗസ്റ്റിന്‍ – അന്നമ്മ ദമ്പതികളുടെ മകന്‍ സ്റ്റീഫന്‍ അഗസ്റ്റിന്‍ (47) ന്റെ മൃതദേഹമാണ് ജിസാന്‍ സാംതയിലെ ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സ്വദേശി പൗരന്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് .തുടര്‍ന്ന് സാംത പോലീസില്‍ വിവരമറിയിക്കുയും, പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു

നേരത്തെ ഖമീസ് മുഷൈത്തില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയിരുന്നു.വാരാന്ത്യങ്ങളില്‍ സാംതയില്‍ നിന്ന് ഖമീസിലേക്ക് മടങ്ങാറായിരുന്നു പതിവ്. കൂടെ ജോലി ചെയ്തിരുന്നവര്‍ ഖമീസില്‍ എത്തിയെങ്കിലും സ്റ്റീഫന്‍ ഇവിടെ തങ്ങുകയായിരുന്നു. സുഹൃത്തുക്കളും സഹോദരന്‍ കനകരാജും നിരവധി തവണ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് സാംത ജനറല്‍ ആശുപത്രിയിത്തി മൃതദേഹം സഹോദരന്‍ തിരിച്ചറിയുകയായിരുന്നു

ഹുറൂബിലായതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കഴിഞ്ഞ അഞ്ചുവര്‍ഷമായി സഊദിയില്‍ കഴിഞ്ഞ് വരികയായിരുന്നു. അവിവാഹിതനാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സാംതയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു