Connect with us

Editorial

അമേരിക്കന്‍ സഖ്യം എത്രത്തോളമാകാം?

Published

|

Last Updated

ചൈനയെ പ്രതിരോധിക്കാനെന്ന പേരില്‍ അമേരിക്കയുമായും ആ ചേരിയില്‍പ്പെട്ട മറ്റു രാജ്യങ്ങളുമായും ഇന്ത്യ ചരിത്രത്തിലൊരിക്കലും ഇല്ലാത്ത സൈനിക സഹകരണത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ക്വാഡ് സഖ്യത്തിന്റെ സംയുക്ത സൈനിക അഭ്യാസവും വിവരങ്ങള്‍ കൈമാറുന്നതിനായി യു എസുമായി ഒപ്പുവെച്ച കരാറും ഈ ദിശയിലെ ഏറ്റവും പുതിയ ചുവടുവെപ്പുകളാണ്. ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ- ഓപറേഷന്‍ എഗ്രിമെന്റി(ബെക്ക)ല്‍ ഒപ്പിട്ടതോടെ യു എസിന്റെ സഖ്യരാഷ്ട്രമെന്ന പദവിയില്‍ സമ്പൂര്‍ണമായി ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നു. സൈനിക സാങ്കേതിക വിദ്യകളും വ്യോമ- ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കരാറിന്റെ പരിധിയില്‍ വരും. രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിലും സഹകരണമുണ്ടാകും. ഇതോടൊപ്പം ഇന്തോ- പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാനും ഇന്ത്യയും അമേരിക്കയും സംയുക്ത നടപടികള്‍ സ്വീകരിക്കും. ഈ ശ്രേണിയില്‍ മൂന്ന് കരാറുകള്‍ നേരത്തേ തന്നെ ഇന്ത്യ ഒപ്പുവെച്ചിരുന്നു. അവയിലൊന്ന് വാജ്പയിയുടെ കാലത്തും രണ്ടെണ്ണം നരേന്ദ്ര മോദിയുടെ കാലത്തുമാണ്. ജനറല്‍ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇന്‍ഫര്‍മേഷന്‍ കരാറാണ് 2002ല്‍ ഒപ്പിട്ടത്. 2016ല്‍ സൈനിക സൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമോറാണ്ടം എഗ്രിമെന്റി(ലെമോവ)ലും 2018ല്‍ വാര്‍ത്താവിനിമയ വിവരങ്ങള്‍ കൈമാറുന്ന കോംകാസ കരാറിലും ഒപ്പ് വെക്കുകയുണ്ടായി.

ഇന്ത്യയുടെ വിദേശനയത്തില്‍ സംഭവിക്കുന്ന വലിയ അട്ടിമറികളിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്. വിഖ്യാതമായ ചേരിചേരാ നയം ശീതസമര കാലത്തേക്ക് മാത്രം സൃഷ്ടിച്ചതായിരുന്നില്ല. ഇന്ത്യന്‍ താത്പര്യങ്ങളായിരിക്കണം വിദേശനയം സ്വീകരിക്കുമ്പോള്‍ ഭരണാധികാരികളെ നയിക്കേണ്ടത്. ഇതാണ് ചേരിചേരാ നയത്തിന്റെ അടിത്തറ. പരസ്പരാശ്രിത ലോകത്ത് സഹകരണം വേണ്ടിവരും. വ്യാപാര രംഗത്തും സാങ്കേതിക വിദ്യയിലും വിദ്യാഭ്യാസത്തിലും വ്യവസായത്തിലും സൈന്യത്തില്‍ പോലും ഈ സഹകരണം അനിവാര്യമാണ്. ഓരോ രാജ്യവും ഇത്തരം ബാന്ധവങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ സ്വന്തം നേട്ടങ്ങള്‍ തന്നെയാണ് നോക്കുന്നത്. അതിന് അവരെ കുറ്റപ്പെടുത്താനാകില്ല. ഇതേ തത്വം നമുക്കും ബാധകമാണ്. പക്ഷേ, വികസിത, വന്‍കിട രാജ്യങ്ങള്‍ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ എക്കാലവും വശം ചെരിവ് പ്രകടമായിരുന്നു. വികസ്വര രാജ്യങ്ങള്‍ അനുസരിക്കുന്നവരും വികസിത രാജ്യങ്ങള്‍ ആജ്ഞാപിക്കുന്നവരും എന്ന സ്ഥിതിയുണ്ട്. ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് ഇങ്ങനെ കുനിഞ്ഞ് നിന്ന് കുമ്പിളിലുള്ളതിന് കാത്തിരിക്കേണ്ട കാര്യമില്ല. ലോകത്ത് രണ്ടാമത്തെ ജനസംഖ്യയുള്ള വിശാലമായ രാജ്യമായ ഇന്ത്യക്ക് ശക്തമായ വിലപേശല്‍ ശക്തിയുണ്ട്. ആരുമായി ഏത് സഖ്യമുണ്ടാക്കിയാലും ഈ ശക്തി പ്രകടിപ്പിക്കണം. അമേരിക്കയുമായുള്ള കരാറുകളിലും സഹകരണത്തിലും സമഭാവം കാണാറേയില്ല. കൂട്ടിക്കിഴിച്ച് വരുമ്പോള്‍ ഇന്ത്യക്ക് കനത്ത ആഘാതവും യു എസിന്റെ ഭൗമരാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് മേല്‍ക്കൈയും ലഭിക്കുകയാണ് ചെയ്യാറുള്ളത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം സാമ്രാജ്യത്വ പ്രവണത സൂക്ഷിക്കുന്ന രാജ്യവുമായി സൈനിക സഹകരണ കരാറില്‍ ഒപ്പുവെക്കുമ്പോള്‍ അങ്ങേയറ്റത്തെ ശ്രദ്ധ ഉണ്ടാകണമായിരുന്നു. അതുണ്ടായില്ല എന്നാണ് ചൂണ്ടിക്കാണിക്കാനുള്ളത്.

അമേരിക്കക്കും ജപ്പാനും ആസ്‌ത്രേലിയക്കും ഒപ്പം ഇന്ത്യയും കൈകോര്‍ത്തുള്ള ക്വാഡ് ചതുര്‍രാഷ്ട്ര സഖ്യം ഈ മാസം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും സംയുക്ത സൈനികാഭ്യാസം നടത്താനിരിക്കുകയാണ്. ജപ്പാനും ആസ്‌ത്രേലിയക്കും അമേരിക്കയുമായി പരമ്പരാഗതമായ സഖ്യമുണ്ട്. ഇപ്പോള്‍ ഇന്ത്യയും അതിന്റെ പ്രധാന ഭാഗമാകുകയാണ്. കഴിഞ്ഞ ജൂണില്‍ ആസ്‌ത്രേലിയയുമായി ഇന്ത്യ ധാരണയിലെത്തി. സെപ്തംബറില്‍ ഇന്ത്യയും ജപ്പാനും ബൃഹത്തായ സൈനിക സഹകരണത്തിനും സേവനത്തിനുമുള്ള കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ യു എസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ ഇത്തരമൊരു സഖ്യത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു.
ക്വാഡ് അഭ്യാസമാകട്ടെ, ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപറേഷന്‍ എഗ്രിമെന്റ് ആകട്ടെ, അമേരിക്ക മുന്നില്‍ വെക്കുന്നത് ചൈനയെയാണ്. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കൈയേറ്റം ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ലെന്നും അതില്‍ അമേരിക്കക്ക് താത്പര്യമുണ്ടെന്നുമാണ് അവര്‍ പറയുന്നത്. യു എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ വാക്കുകളില്‍ അതുണ്ട്. “ഏത് ഭീഷണിയും നേരിടുന്നതിന് ഇന്ത്യക്കൊപ്പം യു എസ് നിലകൊള്ളും. ഗല്‍വാനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നു. പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ യു എസ് ഇന്ത്യക്കൊപ്പം നില്‍ക്കും. പല മേഖലകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിന്റെയും നിയമ സംവിധാനത്തിന്റെയും ചങ്ങാതിയല്ല” – പോംപിയോ പറയുന്നു. ചൈനയോടുള്ള അമേരിക്കന്‍ സമീപനവും ഇന്ത്യയുടെ സമീപനവും ഒന്നാണോ? അല്ലെങ്കില്‍ ഒന്നാകേണ്ടതുണ്ടോ? ദക്ഷിണ ചൈനാ കടലിലും പസഫിക് മേഖലയിലും അമേരിക്കക്ക് നിരവധി താത്പര്യങ്ങളുണ്ട്.
മേഖലയിലെ രാഷ്ട്രങ്ങളുടെ സുരക്ഷയല്ല ആ താത്പര്യം. മറിച്ച് ചൈനയുടെ മേധാവിത്വം തകര്‍ക്കുക എന്നതാണ്. ഈ വടംവലിയില്‍ ഇന്ത്യ ഒരു ഭാഗത്ത് നില്‍ക്കേണ്ടതുണ്ടോ? യു എന്നിലും മറ്റ് അന്താരാഷ്ട്ര വേദികളിലും വന്‍ ശക്തികള്‍ വികസ്വര രാജ്യങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോഴൊക്കെ ചൈനക്കൊപ്പം നിന്ന് ആഞ്ഞടിച്ച ചരിത്രമാണ് അമേരിക്കക്ക് ഉള്ളത്. ചൈനീസ് കടന്നാക്രമണത്തോട് ഇന്ത്യ നടത്തുന്ന പ്രതികരണവും ചര്‍ച്ചയുമെല്ലാം ഉഭയകക്ഷി വിഷയമായാണ് ഇന്ത്യ കാണുന്നത്. കശ്മീര്‍ വിഷയത്തിലും ഇതു തന്നെയാണ് ഇന്ത്യയുടെ നിലപാട്. അപ്പോള്‍ ചൈനയോട് അമേരിക്ക നടത്തുന്ന നിഴല്‍ യുദ്ധത്തില്‍ ഇന്ത്യ പങ്കാളിയാകാതിരിക്കുകയാണ് വേണ്ടത്.