Connect with us

National

പഞ്ചാബിന്റെ പ്ലേ ഓഫ് സ്വപ്‌നം തകര്‍ത്തെറിഞ്ഞ് ചെന്നൈ

Published

|

Last Updated

അബുദാബി |  ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യമത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

പഞ്ചാബിന്റെ 154 റണ്‍സ് വിജയലക്ഷ്യം ഒരു ഓവറും ഒരു പന്തും ബാക്കിനില്‍ക്കെ ചെന്നൈ മറികടക്കുകയായിരുന്നു. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു.

വിജയവഴിയില്‍ ഡുപ്ലസിസിനെ (48) മാത്രമാണ് ചെന്നൈയ്ക്കു നഷ്ടമായത്. ഇതോടെ അവസാന മത്സരങ്ങളില്‍ ജയിച്ച് ചെന്നൈ തലയുയര്‍ത്തി മടങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ എന്‍ഗിഡിയാണ് തകര്‍ത്തത്. നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് എന്‍ഗിഡി വീഴ്ത്തിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും പഞ്ചാബിന് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളും (26) ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും (29) ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. എന്നാല്‍ ഇരുവരേയും എന്‍ഗിഡി പുറത്താക്കിയതോടെ ചീട്ടുകൊട്ടാരംപോലെ പഞ്ചാബ് തകര്‍ന്നു.

30 പന്തില്‍ നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയുമായി ഹൂഡ മിന്നല്‍ പ്രകടനം നടത്തിയില്ലായിരുന്നെങ്കില്‍ പഞ്ചാബിന്റെ അവസ്ഥ വന്‍ശോകമാകുമായിരുന്നു. ഹൂഡയുടെ ബാറ്റില്‍നിന്ന് 62 റണ്‍സാണ് ഒഴുകിയെത്തിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ ജയിച്ചുമടങ്ങാന്‍ വളരെ കരുതലോടെയാണ് കളിച്ചത്. ആദ്യ വിക്കറ്റില്‍ ഗെയ്ക്ക്വാദും (പുറത്താകാതെ 62) ഡുപ്ലസിസും 82 റണ്‍സ് അടിച്ചെടുത്തു.

മൂന്നാമനായെത്തിയ അമ്പാട്ടി റായിഡുവും അനാവശ്യ ധൃതികാണിക്കാതെ കളിച്ചതോടെ ലക്ഷ്യം അനായാസമായി. മുപ്പത് പന്തില്‍ 30 റണ്‍സായിരുന്നു റായിഡുവിന്റെ സമ്പാദ്യം. ഇതിനിടെ രണ്ട് പന്തുകള്‍ മാത്രമാണ് റായിഡുവിന്റെ ബാറ്റില്‍നിന്ന് ബൗണ്ടറികണ്ടത്.