Connect with us

Kerala

നെയ്യാര്‍ സഫാരി പാര്‍ക്കില്‍നിന്നും രക്ഷപ്പെട്ട കടുവയെ പിടികൂടി

Published

|

Last Updated

തിരുവനന്തപുരം |  നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു പിടികൂടി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തി വെടിവെച്ചത്.

വയനാട്ടില്‍നിന്ന് നെയ്യാര്‍ഡാമിലെത്തിച്ച് വനംവകുപ്പിന്റെ സിംഹസഫാരി പാര്‍ക്കിലെ കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നെയ്യാര്‍ ജലാശയത്തിലെ മരക്കുന്നം ദ്വീപിലാണ് പാര്‍ക്ക് എന്നതിനാല്‍ കടുവ ജനവാസകേന്ദ്രത്തില്‍ എത്തില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും വനംവകുപ്പ് അറിയിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയോടെ കൂട്ടില്‍നിന്നു രക്ഷപ്പെട്ട കടുവയെ കണ്ടെത്താന്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ വൈകീട്ടോടെ സഫാരി പാര്‍ക്കിന്റെ പ്രവേശനകവാടത്തിനു സമീപമുള്ള പാറയ്ക്ക് അരികിലായി കടുവയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ അടുത്തുള്ള പൊന്തക്കാട്ടിലേക്കു മറഞ്ഞ കടുവയെ സന്ധ്യയായിട്ടും കണ്ടെത്താനായില്ല. ആളനക്കം ഉണ്ടാകുമ്പോള്‍ പൊന്തക്കാടുകള്‍ നിറഞ്ഞ ഇടങ്ങളിലേക്ക് കടുവ നീങ്ങിയതാണ് അധികൃതരെ കുഴക്കിയത്.

രാത്രിയോടെ കൂടിനുള്ളില്‍ ആടിനെ കെട്ടി കടുവയെ ആകര്‍ഷിക്കാന്‍ നടപടി ആരംഭിച്ചെങ്കലും അതു ഫലം കണ്ടിരുന്നില്ല.തുടര്‍ന്നാണ് ഇന്ന് വീണ്ടു തിരച്ചില്‍ ആരംഭിച്ചത്. ഉച്ചയോടെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.

വയനാട് പുല്‍പ്പള്ളിയില്‍ നാട്ടിലിറങ്ങി ആക്രമണകാരിയായി മാറി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ കടുവയെ ചൊവ്വാഴ്ചയാണ് നെയ്യാര്‍ഡാമില്‍ എത്തിച്ചത്

Latest