Connect with us

Kerala

തനിക്കെതിരായ എന്തെങ്കിലും ഒരു കുറ്റകൃത്യം തെളിയിക്കാന്‍ വെല്ലുവിളിച്ച് കെ ടി ജലീല്‍

Published

|

Last Updated

മലപ്പുറം |  തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോവുന്നുവെന്ന വാര്‍ത്ത ചാനലുകളില്‍ കാണാന്‍ കഴിഞ്ഞെന്നും അങ്ങനെ മുതിരുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. ആയിരം അന്വേഷണ ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വര്‍ണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഈയുള്ളവന്‍ ഏര്‍പ്പെട്ടതായി കണ്ടെത്താനാവില്ലെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അയച്ച കത്തിനുള്ള മറുപടിയും പോസ്റ്റിന് അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഇതിനപ്പുറം ഒരു പിച്ചളപ്പിന്നെങ്കിലും എനിക്കോ സഹധര്‍മിണിക്കോ ആശ്രിതരായ മക്കള്‍ക്കോ ഉള്ളതായി വല്ലവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍, അക്കാര്യം കേന്ദ്ര ഏജന്‍സികളെ, കോണ്‍ഗ്രസ്സ് നേതാക്കള്‍ മുഖേനയോ, മുസ്ലിംലീഗിന്റെ യുവസിങ്കങ്ങള്‍ വഴിയോ, അതുമല്ലെങ്കില്‍ കേന്ദ്രം ഭരിക്കുന്ന സര്‍വാധികാര വിഭൂഷിതരായ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ മുഖാന്തിരമോ, അറിയിക്കാവുന്നതാണെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു. മലപ്പുറത്തെ കുഗ്രാമങ്ങളില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു ചൊല്ലാണ് ഓര്‍മവരുന്നത്; “ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍എന്നും ജലീല്‍ വിമര്‍ശകരെ പരിഹസിക്കുന്നു.

ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും!
——————————-
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് എനിക്കയച്ച കത്തിനുള്ള മറുപടിയാണ് അനുബന്ധമായി ചേര്‍ക്കുന്നത്. ഇതിനപ്പുറം ഒരു പിച്ചളപ്പിന്നെങ്കിലും എനിക്കോ സഹധര്‍മ്മിണിക്കോ ആശ്രിതരായ മക്കള്‍ക്കോ ഉള്ളതായി വല്ലവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍, അക്കാര്യം കേന്ദ്ര ഏജന്‍സികളെ, കോണ്‍ഗ്രസ്സ് നേതാക്കള്‍ മുഖേനയോ, മുസ്ലിംലീഗിന്റെ യുവസിങ്കങ്ങള്‍ വഴിയോ, അതുമല്ലെങ്കില്‍ കേന്ദ്രം ഭരിക്കുന്ന സര്‍വ്വാധികാര വിഭൂഷിതരായ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ മുഖാന്തിരമോ, അറിയിക്കാവുന്നതാണ്. ആരെങ്കിലും പത്ത് രൂപ കൈക്കൂലിയായോ പാരിതോഷികമായോ, അതുമല്ലെങ്കില്‍ ഞാന്‍ സ്ലീപ്പിംഗ് പാര്‍ട്ട്ണറായ ഏതെങ്കിലും ജ്വല്ലറിയിലോ റസ്റ്റോറന്റിലോ പറമ്പ് കച്ചവടത്തിലോ(റിയല്‍ എസ്റ്റേറ്റ്),”ഇഞ്ചി കൃഷിയിലോ”, ഷെയറായോ കമ്മിഷനായോ വല്ലതും ഞാന്‍ വാങ്ങിയതായോ എനിക്ക് തന്നതായോ, ഭൂമുഖത്ത് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍, അക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാവുന്നതാണ്. എന്നെ കുരുക്കാന്‍ കിട്ടിയിട്ടുള്ള ഈ സുവര്‍ണ്ണാവസരം എന്റെ രാഷ്ട്രീയ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലെനിക്ക് സന്തോഷം മാത്രമേ ഉണ്ടാകൂ.

കസ്റ്റംസ് എന്നെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് ചാനല്‍ വാര്‍ത്തയിലൂടെ അറിയാന്‍ സാധിച്ചു. നല്ല കാര്യം. എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചില വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് തേടിയിരുന്നു. എന്നാല്‍ കസ്റ്റംസ് ഇതുവരെ കാര്യങ്ങളുടെ നിജസ്ഥിതി എന്നോട് തിരക്കിയിട്ടില്ല. അതിന് കസ്റ്റംസ് മുതിരുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ലക്ഷണങ്ങളോടെ എന്റെ ഗണ്‍മാന്‍ സ്രവ പരിശോധനക്ക് സാമ്പിള്‍ കൊടുത്ത് വീട്ടില്‍ ഒറ്റക്ക് കഴിയവെയാണ്, അയാളുടെ ഫോണ്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വന്ന് കണ്ടുകെട്ടിയത്. രണ്ട് ദിവസം കഴിഞ്ഞ് സിംകാര്‍ഡ് തിരിച്ച് നല്‍കാന്‍ കസ്റ്റംസുകാര്‍ കാണിച്ച വിശാലമനസ്‌കത വലിയ കാര്യംതന്നെ! ഫോണ്‍ ഇപ്പോഴും കസ്റ്റംസിന്റെ കൈവശമാണ്. ഒരു പോലീസുകാരന്‍ എന്ന നിലയില്‍ ഏതുസമയത്ത് ഫോണുമായി ഹാജരാകണം എന്നു പറഞ്ഞാലും ഗണ്‍മാന്‍ ഹാജരാകുമെന്നിരിക്കെ എന്തിനായിരുന്നു ഈ “പിടിച്ചെടുക്കല്‍” നാടകമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കൂടെയുള്ളവരുടെ ഫോണില്‍ നിന്ന് മറ്റുള്ളവര്‍ക്ക് വിളിക്കുന്ന ഏര്‍പ്പാട് യു.ഡി.എഫ് നേതാക്കള്‍ക്കും ബി.ജെ.പിക്കാര്‍ക്കും ഉണ്ടായെന്നിരിക്കാം. എനിക്കേതായാലും അതില്ല. ആയിരം അന്വേഷണ ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വര്‍ണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഈയുള്ളവന്‍ ഏര്‍പ്പെട്ടതായി കണ്ടെത്താനാവില്ല. മലപ്പുറത്തെ കുഗ്രാമങ്ങളില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു ചൊല്ലാണ് ഓര്‍മ്മവരുന്നത്; “ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍”.

എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അയച്ച കത്തിനുള്ള മറുപടി
——————————-
ഡോ: കെ.ടി ജലീല്‍, ഗസല്‍, തോഴുവനൂര്‍,
വളാഞ്ചേരി, മലപ്പുറം.

അസിസ്റ്റന്റ് ഡയറക്ടര്‍,
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ധനമന്ത്രാലയം,
കൊച്ചി മേഖലാ ഓഫീസ്, കൊച്ചി, എറണാങ്കുളം.

പ്രിയപ്പെട്ട എ.ഡിക്ക്,

– റഫറന്‍സ്: നിങ്ങളുടെ കത്ത് നമ്പര്‍ ECIR / KCZO / 31/2020/1636 XobXn 18.9.2020 þ

എന്റെ വീട്ടഡ്രസ്സില്‍ താങ്കള്‍ അയച്ച കത്ത് കൈപ്പറ്റാന്‍ വൈകിയത് കൊണ്ടാണ് മറുപടിക്ക് കുറച്ച് താമസം നേരിട്ടത്. ക്ഷമിക്കുമല്ലോ?

2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, സെക്ഷന്‍ 50 പ്രകാരം എന്നോട് ആവശ്യപ്പെട്ട വിവരങ്ങള്‍ക്കുള്ള പ്രതികരണമാണ് ചുവടെ ചേര്‍ക്കുന്നത്.

18 വര്‍ഷം മുമ്പ് (2002) ഞാന്‍ വാങ്ങിയ 19.5 സെന്റ് സ്ഥലവും, കനറാ ബാങ്കിന്റെ വളാഞ്ചേരി ബ്രാഞ്ചില്‍ നിന്ന് എടുത്ത 5 ലക്ഷം രൂപയുടെ ഭവനവായ്പ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച, വീടുമല്ലാതെ എന്റെയോ ഭാര്യയുടെയോ രണ്ട് ആശ്രിതരായ മക്കളുടെയോ പേരില്‍ മറ്റ് യാതൊരു സ്വത്തും ഇന്ത്യക്കകത്തോ പുറത്തോ ഇല്ല. നിലവിലുള്ള വീട് നവീകരിക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പ്, നിയമസഭാംഗങ്ങള്‍ക്ക് ലഭിക്കുന്ന 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 19.5 സെന്റ് സഥലത്തിന്റെ പ്രമാണം പണയം വെച്ചാണ് പ്രസ്തുത ലോണ്‍ കൈപ്പറ്റിയത്.

ഞാന്‍ 1994 മുതല്‍ തിരുങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ലക്ചറര്‍ ആയി 12 വര്‍ഷം ജോലി ചെയ്തു. എന്റെ ഭാര്യ 1993 മുതല്‍ വളാഞ്ചേരി ഹൈസ്‌കൂളില്‍ ഫിസിക്സ് ടീച്ചറായും, പിന്നീട് അതേ സ്‌കൂള്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളായി ഉയര്‍ത്തിയപ്പോള്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചറായും ജോലി നോക്കി. ഇപ്പോള്‍ അതേ സ്ഥാപനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പലാണ്. പി.എസ്.എം.ഒ കോളേജില്‍ ലക്ചറര്‍ ആയി 12 വര്‍ഷത്തെ സേവനത്തിന് ശേഷം, 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗമായി. 2016 ല്‍ മൂന്നാം തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട ഈയുള്ളവനെ, ശ്രീ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ – ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയായും, പിന്നീട് കേരളത്തിലെ പ്രഥമ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായും നിയമിച്ചു. കഴിഞ്ഞ പതിനാലര വര്‍ഷമായി കേരള നിയമസഭയില്‍ അംഗമായി തുടരുന്നു.

എന്റെയും ഭാര്യയുടെയും ഇക്കാലമത്രയുമുള്ള അക്കൗണ്ടുകളില്‍ ഞങ്ങളുടെ ശമ്പള കുടിശ്ശികയല്ലാതെ മറ്റൊന്നും ശേഷിപ്പായി ഇല്ല. ഇതോടൊപ്പമുള്ള കഴിഞ്ഞ ആറു വര്‍ഷത്തെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. യഥാര്‍ത്ഥ വരുമാനത്തേക്കാള്‍ എത്രയോ കുറവാണ് ഞങ്ങളുടെ സമ്പാദ്യം. എന്റെ എക്കൗണ്ടില്‍ 26 വര്‍ഷത്തെ സമ്പാദ്യമായി, ശമ്പള കുടിശികയായി സര്‍ക്കാര്‍ ട്രഷറിയില്‍ അവശേഷിക്കുന്ന നാലര ലക്ഷം രൂപയും, എന്റെ ഭാര്യയുടെ 27 വര്‍ഷത്തെ ശമ്പളബാക്കിയായി സര്‍ക്കാര്‍ ട്രഷറിയിലും ബാങ്കിലുമായി കിടക്കുന്ന 23 ലക്ഷം രൂപയുമാണ് ഞങ്ങളുടെ ആകെയുള്ള കയ്യിലിരിപ്പു പണം. മറ്റൊരു രൂപ പോലും ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ബിസിനസ്സിലോ മറ്റേതെങ്കിലും രൂപത്തിലുള്ള നിക്ഷേപമായോ ഇല്ലെന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. എന്റെ ഭാര്യക്കോ പെണ്‍മക്കള്‍ക്കോ സ്വന്തമായി ഒരുതരി സ്വര്‍ണ്ണം ആഭരണമായിപ്പോലും ഞങ്ങളുടെ വീട്ടിലോ ഏതെങ്കിലും ബാങ്കുകളുടെ ലോക്കറുകളിലോ ഇരിപ്പില്ല. എന്റെ ജീവിതപങ്കാളിയോ പെണ്‍മക്കളോ വര്‍ഷങ്ങളായി സ്വര്‍ണ്ണമേ ഉപയോഗിക്കാറില്ല. എന്റെയോ ഭാര്യയുടെയോ മക്കളുടെയോ പേരില്‍ ഒരു വാഹനവും ഇല്ല.

രണ്ട് സഹകരണ സംഘങ്ങളില്‍ (മലബാര്‍ കോപ്പറേറ്റീവ് ടെക്സ്‌റ്റൈല്‍സ് ലിമിറ്റഡ്, കാര്‍ത്തല, ചുങ്കം, ആതവനാട്, മലപ്പുറം, ഇംബിച്ചിബാവ മെമ്മോറിയല്‍ കോപ്പറേറ്റീവ് ഹോസ്പിറ്റല്‍, അലത്തിയൂര്‍, തിരുര്‍, മലപ്പുറം) അയ്യായിരം രൂപയുടെ ഓരോ ഷെയറുകള്‍ എന്റെ പേരിലുണ്ട്. മന്ത്രി എന്ന നിലയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് കൈകാര്യം ചെയ്യവെ, തദ്ദേശവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ അനുവദിച്ചു കിട്ടിയ ഡിന്‍ നമ്പറല്ലാതെ മറ്റൊരു ഡിന്‍ നമ്പറും എന്റേതായി ഇല്ല.

വളാഞ്ചേരി കാട്ടിപ്പരുത്തി വില്ലേജില്‍19.5 സെന്റ് ഭൂമിയും അതില്‍ നിര്‍മ്മിച്ച ഒരു സാധാരണ വീടുമാണ് എന്റെയും ഭാര്യയുടെയും ആകെയുള്ള സാമ്പാദ്യം. അതിനുപുറമെ വീട്ടില്‍ ഒരു ടിവി, ഒരു ഫ്രിഡ്ജ്, ഒരു എ.സി, ഒരു വാഷിംഗ് മെഷീന്‍, ഒരു മൈക്രോ ഓവന്‍, ഒരു വാട്ടര്‍ ഫില്‍റ്റര്‍, ഒരു ഗ്രയ്‌ന്റെര്‍,1.5 ലക്ഷം രൂപ വിലമതിക്കുന്ന ഫര്‍ണിച്ചര്‍, 1500 ലധികം പുസ്തകങ്ങളുള്ള ഒരു ഹോം ലൈബ്രറി, മറ്റുസാധാരണ വീട്ടുപകരണങ്ങള്‍, ഞങ്ങള്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പുകള്‍, ഫോണുകള്‍, എന്നിവയുമുണ്ട്. ഇക്കാര്യം ആരെവിട്ടും അങ്ങേക്ക് അന്വേഷിച്ച് ഉറപ്പുവരുത്താവുന്നതാണ്. മകള്‍ സുമയ്യയുടെ ബാങ്ക് ബാലന്‍സ് ഏകദേശം മുപ്പത്തിയാറായിരം രൂപയും, മകന്‍ ഫാറൂക്കിന്റെ ബാങ്ക് ബാലന്‍സ് അഞ്ഞൂറ് രൂപയുമാണ്. താങ്കള്‍ ആവശ്യപ്പെട്ട പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ല്‍സും ഇതോടൊപ്പം വെക്കുന്നുണ്ട്.

കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ആറ് വിദേശ യാത്രകളാണ് ഞാന്‍ നടത്തിയിട്ടുള്ളത്. രണ്ട് യു.എ.ഇ സന്ദര്‍ശനങ്ങള്‍ (ഒന്ന്, ഷാര്‍ജ പുസ്തകമേളയ്ക്കും, മറ്റൊന്ന്, പിഎസ്എംഒ കോളേജ് പൂര്‍വവിദ്യാര്‍ഥി മീറ്റിനും), റഷ്യന്‍ വിസിറ്റ് (ഔദ്യോഗിക ഇന്ത്യന്‍ ഡെലിഗേഷന്‍ അംഗമെന്ന നിലയില്‍), യു.എസ്.എ സന്ദര്‍ശനം (മലയാലളി പ്രസ് ഫോറം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍. ഇതേ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരായ വെങ്കടേഷ് രാമകൃഷ്ണനും, എം.ജി. രാധാകൃഷ്ണനും, വേണു ബാലകൃഷ്ണനും പങ്കെടുത്തിരുന്നു), മാല്‍ദ്വീവ്‌സ് (ഔദ്യോഗികം), ഖത്തര്‍ (വ്യക്തിപരം) എന്നിവയാണവ.

താങ്കള്‍ കത്തില്‍ ആവശ്യപ്പെട്ട പ്രകാരമുള്ള എല്ലാ രേഖകളും ഇതോടൊപ്പം വെക്കുന്നു.
(ആകെ 138 പേജ്)

ആത്മാര്‍ത്ഥതയോടെ

ഡോ: കെ.ടി ജലീല്‍

7.10.2020,
തിരുവനന്തപുരം.

ഇതൊന്നിച്ച് അറ്റാച്ചുചെയ്തിട്ടുള്ള രേഖകളുടെ വിശദാംശങ്ങള്‍

1) താങ്കള്‍ ആവശ്യപ്പെട്ട പ്രകാരം എന്റെയും ഭാര്യയുടെയും ആശ്രിതരായ രണ്ട് മക്കളുടെയും അക്കൗണ്ടുകളുടെ കഴിഞ്ഞ ആറ് വര്‍ഷത്തെ വിശദമായ സ്റ്റേറ്റുമെന്റുകള്‍.
2) എന്റെയും എന്റെ കുടുംബത്തിന്റെയും സ്വത്തുവഹകളുടെ പ്രമാണവും വില്‍പ്പന ഡീഡുകളുടെ പകര്‍പ്പും. അതിപ്പോള്‍ പണയത്തിലാണെന്ന് തെളിയിക്കുന്ന രേഖകളും ലോണിന്റെ തിരിച്ചടവുമായി ബന്‌പ്പെട്ട് അസംബ്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ കോപ്പിയും.
3) ഞാന്‍ നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളടങ്ങുന്ന രേഖകള്‍
4) ഉകച വിശദാംശങ്ങള്‍ ——————————-

പാക്കിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും എനിക്ക് വന്ന ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിക്കാനാണത്രെ ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കണ്ട്‌കെട്ടിയതെന്ന് സൂചിപ്പിക്കുന്ന, ആര്‍.എസ്.എസ്, ബി.ജെ.പി പത്രമായ “ജന്‍മഭൂമി”യുടെ വാര്‍ത്താശകലമാണ് ഇമേജായി കൊടുത്തിരിക്കുന്നത്.

---- facebook comment plugin here -----

Latest