വർഗീയ വിഷം ചീറ്റി പി സി ജോർജ്

മതന്യൂനപക്ഷ വിഭാഗങ്ങളാണ് സംസ്ഥാനത്ത് മുസ്‌ലിംകളും ക്രിസ്ത്രീയരും. മതവിഭാഗങ്ങൾ സൗഹൃദത്തിലും സഹിഷ്ണുതയിലുമാണ് അടുത്ത കാലം വരെയും കഴിഞ്ഞു വന്നത്. ഇതിന് വിള്ളൽ വീഴ്ത്താനാണ് പി സി ജോർജിനെപ്പോലുള്ളവർ ശ്രമിക്കുന്നത്.
Posted on: November 1, 2020 4:00 am | Last updated: October 31, 2020 at 11:14 pm

സാമുദായികമായി സംഘ്പരിവാറിൽ നിന്നുള്ള എതിർപ്പുകളും അപശബ്ദങ്ങളും മാത്രമേ മുസ്‌ലിംകേരളം അഭിമുഖീകരിക്കേണ്ടി വന്നിരുന്നുള്ളൂ സമീപകാലം വരെ. ഈയിടെയായി ക്രിസ്ത്രീയ വിഭാഗത്തിലെ ചിലരും സംഘ്പരിവാറിന്റെ പാത പിന്തുടർന്ന് മുസ്‌ലിംകൾക്കെതിരെ വർഗീയവിഷം ചീറ്റിക്കൊണ്ടിരിക്കയാണ്. ഈരാറ്റുപേട്ടയിൽ സിറോ മലബാർ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ പി സി ജോർജ് എം എൽ എ നടത്തിയ പ്രസംഗമാണ് ഇതിലേറ്റവും പുതിയത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നതാധികാര സ്ഥാനങ്ങൾ മുസ്‌ലിംകൾ തട്ടിയെടുത്തിരിക്കയാണെന്ന രീതിയിലാണ് പച്ചനുണകളുടെ അകമ്പടിയോടെ അദ്ദേഹം അവിടെ പ്രസംഗിച്ചത്. അതിനെതിരെ ഇതര സമുദായങ്ങൾ രംഗത്തു വരണമെന്ന് വ്യംഗമായി ആഹ്വാനവും ചെയ്തു.

“കേരളത്തിലെ 14 ജില്ലകളിൽ ഏഴിലും കലക്ടർമാർ മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രധാനപ്പെട്ട പോസ്റ്റുകളിലും മുസ്‌ലിംകൾ തന്നെ. മന്ത്രി ജലീൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ തന്റെ സമുദായക്കാരെ കുത്തിനിറക്കുന്നു. കേരളത്തിലെ 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും കത്തോലിക്കാ സഭയും വൈദികരും സ്ഥാപിച്ചതാണ്. വിദ്യാഭ്യാസ രംഗത്ത് ഇന്ന് ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്?

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഒഴിച്ചു എല്ലാ ന്യൂനപക്ഷങ്ങളും വളർന്നു. ക്രിസ്ത്യൻ സമൂഹം ഇതേക്കുറിച്ച് ആലോചിക്കണം. പാക്കിസ്ഥാൻ സർക്കാർ അവിടുത്തെ മറ്റ് മതക്കാരെയെല്ലാം മുസ്‌ലിംകളാക്കി പരിവർത്തിപ്പിക്കുകയും ക്രിസ്ത്യൻ ചർച്ചുകളും ക്ഷേത്രങ്ങളും മുസ്‌ലിം പള്ളികളാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഇന്ത്യയിൽ ഒരു മുസ്‌ലിം ദേവാലയവും തകർക്കപ്പെട്ടില്ല’ ഇങ്ങനെ പോകുന്നു പി സി ജോർജിന്റെ മുസ്‌ലിം വിരുദ്ധത.

തികച്ചും വാസ്തവ വിരുദ്ധവും നുണയുമാണ് ഈ പരാമർശങ്ങളത്രയും. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ മുസ്‌ലിം ഉദ്യോഗാർഥികളുടെ എണ്ണം തുച്ഛമാണ്. മറ്റ് സമുദായക്കാരാണ് ബഹുഭൂരിഭാഗവും. വീണ എൻ മാധവൻ ഐ എ എസ്, വിജയകുമാർ ആർ, അജയൻ സി എന്നിവരാണ് ഈ വകുപ്പിലെ അഡീഷനൽ സെക്രട്ടറിമാർ. തരുൺ ലാൽ എസ്, ഹരികുമാർ ജി ജോയിന്റ് സെക്രട്ടറിമാരാണ്. ജയകുമാർ ബി, രേഖ എസ് ജോസ് എ, അനിൽകുമാർ ടി, പ്രിയദർശിനി മോഹൻദാസ്, മനോജ് കുമാർ എം എസ്, സംഗീത എസ്, രാധാമണി അമ്മ ഒ, വിനീഷ് കുമാർ ജി, രാകേഷ് എസ് പി എന്നിവർ സെക്‌ഷൻ ഓഫീസർമാരാണ്. കഴിഞ്ഞ നാലര വർഷവും സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരിൽ ഒരാൾ പോലും മുസ്‌ലിം ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം നിലവിൽ വന്ന ശ്രീനാരായണ ഓപൺ സർവകലാശാലയിലാണ് ഏക മുസ്‌ലിം വി സി നിയമിതനായത്. സംസ്ഥാനത്തെ ഏഴ് കലക്ടമാരും മുസ്‌ലിംകളാണെന്ന വാദവും വ്യാജമാണ്. നാല് പേർ മാത്രമാണ് മുസ്‌ലിംകൾ. ഇവരൊന്നും മുസ്‌ലിം ക്വാട്ടയിൽ കയറിപ്പറ്റിയവരല്ല. അർഹതയുടെ അടിസ്ഥാനത്തിൽ മാത്രം നിയമിതരായവരാണ്.

കേരളത്തിൽ ശക്തിപ്പെട്ടുവരുന്ന ക്രിസ്ത്യൻ വർഗീയതയുടെ ബഹിർസ്ഫുരണമാണ് ജോർജിന്റെ പരാമർശങ്ങളത്രയും. മതന്യൂനപക്ഷ വിഭാഗങ്ങളാണ് സംസ്ഥാനത്ത് മുസ്‌ലിംകളും ക്രിസ്തീയരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തിയും ചാരിറ്റിപ്രവർത്തനങ്ങൾ വഴിയും തങ്ങളുടെ സമുദായത്തിന്റെ പുരോഗതിക്കായി സമാധാന പരമായി പ്രവർത്തിച്ചു വന്നിരുന്ന ഈ മതവിഭാഗങ്ങൾ സൗഹൃദത്തിലും സഹിഷ്ണുതയിലുമാണ് അടുത്ത കലം വരെയും കഴിഞ്ഞു വന്നത്. പ്രത്യക്ഷമായ ഭിന്നാഭിപ്രായ പ്രകടനമോ, വിദ്വേഷ പരാമർശങ്ങളോ ഇരുവിഭാഗത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല.

ALSO READ  ജി എസ് ടി നഷ്ടപരിഹാരവും കേന്ദ്രത്തിന്റെ തിരിമറിയും

എന്നാൽ അടുത്ത ഏതാനും വർഷങ്ങൾക്കിടെ സമസ്ത പോലുള്ള മതസംഘടനകളുടെയും മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയുമൊക്കെ ശ്രമഫലമായി മുസ്‌ലിം കേരളം വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പുത്തൻ ഉണർവു നേടുന്നതും കേന്ദ്ര, സംസ്ഥാന സർവീസ് മേഖലകളിൽ കൂടുതലായി കടന്നുവരുന്നതും അസഹിഷ്ണുതയോടെയാണ് ക്രിസ്തീയരിൽ ഒരു പറ്റം നോക്കിക്കാണുന്നത്. ഇതവർ പരസ്യമായി പ്രകടിപ്പിച്ചു വരികയും ചെയ്യുന്നു. മാത്രമല്ല, ഭരണതലത്തിൽ മുസ്‌ലിംകൾക്ക് കൈവരുന്ന നേട്ടങ്ങളെ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നു ഇവർ. പാലൊളി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻസർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ അറബി സർവകലാശാല സ്ഥാപിക്കപ്പെടാതെ പോയത് അന്നത്തെ ക്രിസ്തീയരായ രണ്ട് ഉദ്യോഗസ്ഥരുടെ വർഗീയമായ ഇടപെടലിനെ തുടർന്നായിരുന്നല്ലോ.

പ്രമുഖ സ്വാതന്ത്ര്യ സമര നായകൻ വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയും മലബാർ വിപ്ലവവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല. കേരളത്തിൽ ലൗജിഹാദും ക്രിസ്തീയ വംശഹത്യയും വ്യാപകം തുടങ്ങി വർഗീയത സ്ഫൂരിക്കുന്ന പ്രസ്താവനകൾ ഇവരിൽ നിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ചർച്ചുകളിലെ വചന പ്രഘോഷണ വേദികളിൽ പോലും ഇത് വിളിച്ചു പറയുന്നു. അടുത്തിടെ കൊച്ചി ബിഷപ്പ് ജോസഫ് കരിയിൽ, വൈദികരായ സേവ്യർഖാൻ വട്ടായിൽ, ജോസഫ് പുത്തൻ പുരക്കൽ എന്നിവർ നടത്തിയ മുസ്‌ലിംവിരുദ്ധ പ്രസ്താവനകൾ ഏറെ വിവാദമായതാണ്. കേന്ദ്രത്തിലെ സംഘ്പരിവാർ സർക്കാർ ന്യൂനപക്ഷ സമുദായങ്ങളിൽ ഭിന്നിപ്പു സൃഷ്ടിച്ച് രാഷ്ട്രീയ, വർഗീയ മുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇവർ ചരിത്രസത്യങ്ങൾക്ക് നേരെ കണ്ണടച്ച് അബദ്ധങ്ങൾ വിളിച്ചു പറയുന്നത്. ജോസഫ് പുത്തൻപുരക്കലിന്റെ പ്രസംഗത്തിന് ഏതാനും നാളുകൾക്ക് മുമ്പ് സീറോ മലബാർ സഭയും ലൗജിഹാദ് സത്യമാണെന്നും നിരവധി ക്രിസ്തീയ പെൺകുട്ടികളെ മുസ്‌ലിംകൾ പ്രണയത്തിലൂടെ വശീകരിച്ച് മതം മാറ്റുന്നുണ്ടെന്നും ആരോപിച്ചിരുന്നു.

അതേസമയം, ക്രിസ്തീയ സമൂഹത്തിലെ മതേതര നിലപാടുകാരും സഹിഷ്ണുതയുടെ വക്താക്കളും ഇത്തരം വർഗീയ നിലപാടുകളെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കസഭാ മാസിക സത്യദീപത്തിന്റെ കഴിഞ്ഞ ലക്കം, ക്രിസ്തീയ അധ്യക്ഷന്മാരുടെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ മുഖപ്രസംഗമെഴുതുകയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്താതിരിക്കാനുള്ള ഔചിത്യമെങ്കിലും സഭാനേതൃത്വങ്ങളും അംഗങ്ങളും കാണിക്കണമെന്ന് ഉപദേശിക്കുകയുമുണ്ടായി.