പഠന രംഗത്തെ നവീന സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തണം: കുമ്പോല്‍ തങ്ങള്‍

Posted on: October 31, 2020 7:49 pm | Last updated: October 31, 2020 at 7:52 pm
സഅദിയ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സംസാരിക്കുന്നു

കോളിയടുക്കം | വിദ്യാഭ്യാസ മേഖലയിലെ ആധുനിക സംവിധാനങ്ങളും പഠന രംഗത്തെ നവീന സങ്കേതങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അധ്യാപകരും വിദ്യാര്‍ഥികളും തയ്യാറാകണമെന്ന് സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു. കോളിയടുക്കം സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ വ്യത്യസ്ത സംരംഭങ്ങളുമായി സഅദിയ്യ മുന്നേറുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ മൂല്യങ്ങള്‍ക്കും ഗുണമേന്മക്കും മുന്‍തൂക്കം നല്‍കിയതും ആത്മാര്‍ഥതയുള്ള സഹകാരികളുടെയും ജീവനക്കാരുടെയും പിന്തുണയുമാണ് സഅദിയ്യയുടെ വിജയ കാരണം. കൊവിഡ് കാലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനും രോഗികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും ഐസലേഷന്‍ വാര്‍ഡും ഒരുക്കി സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയത് സഅദിയ്യയുടെ സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്- തങ്ങള്‍ സൂചിപ്പിച്ചു.

എന്‍ എ അബൂബക്കര്‍ ഹാജി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പൽ മുസ്തഫ പി വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ആമുഖ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രവാചക സന്ദേശവും കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി അനുസ്മരണവും നടത്തി.

38 ദിവസം കൊണ്ട് 628 ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പൂര്‍വ വിദ്യാര്‍ത്ഥിനി ഫാതിമത് ഷംനക്കുള്ള പ്രത്യേക അവാര്‍ഡ് സെക്രട്ടറി എന്‍ എ അബൂബക്കര്‍ ഹാജി നല്‍കി. ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, സി എല്‍ ഹമീദ് ചെമ്മനാട്, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, അബ്ദുല്‍ റസാഖ് ഹാജി മേല്‍പറമ്പ്, ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി, ബശീര്‍ എൻജിനീയര്‍, ഇബ്രാഹിം സഅദി മുഗു പ്രസംഗിച്ചു. ശറഫുദ്ദീന്‍ എം കെ നന്ദി പറഞ്ഞു.