ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും: എ എന്‍ രാധാകൃഷ്ണന്‍

Posted on: October 31, 2020 5:22 pm | Last updated: October 31, 2020 at 11:02 pm

കൊച്ചി| ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ സംസ്ഥാന നേതാവായ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ചയാക്കാന്‍ എതിര്‍ ചേരി നീക്കം. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പാകെ മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ഗൗരവപരമായ ആരോപണങ്ങള്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യും. ജനാധിപത്യ പ്രസ്ഥാനമാണ് ബി ജെ പിയെന്നും സംസ്ഥാന വൈസ് പ്രസിഡന്റും കെ സുരേന്ദ്രന്റെ എതിര്‍ ചേരിയില്‍പ്പെട്ട നേതാവുമായ എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് താഴ്ത്തിയെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ശോഭ ആരോപിച്ചിരുന്നു. ശോഭാ സുരേന്ദ്രനെ പോലെ തന്നെ എ എന്‍ രാധാകൃഷ്ണനും നേരത്തെ മേഖല യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. കെ സുരേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കിയതിലുള്ള അതൃപ്തിയായിരുന്നു കാരണം. വി മുരളീധരന്‍. കെ സുരേന്ദ്രന്‍ കൂട്ട്‌കെട്ടിനെതിരെ കൃഷ്ണദാസ് പക്ഷം വരും ദിവസങ്ങളില്‍ നീക്കം ശക്തമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിയിലെ വിഭാഗീയത വരും ദിവസങ്ങളില്‍ കൂടുതല്‍ മറനീക്കി പുറത്തുവന്നേക്കും.