ബിനീഷ് തെറ്റ് ചെയ്‌തെങ്കില്‍ ശക്ഷിക്കപ്പെടട്ടേ; പാര്‍ട്ടി ആരേയും സംരക്ഷിക്കില്ല- എസ് ആര്‍ പി

Posted on: October 31, 2020 4:22 pm | Last updated: October 31, 2020 at 4:22 pm

തിരുവനന്തപുരം |  മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തി ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേയെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ബിനീഷിനെതിരായി ആരോപണമുണ്ട്. തെറ്റ് ചെയ്‌തെങ്കില്‍ തെളിവുകള്‍ കൊണ്ടുവന്ന്, ശിക്ഷിക്കുക. തെറ്റ് ചെയ്ത ആരേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കില്ല. എന്നാല്‍ കേരളത്തില്‍ അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ് ആര്‍ പി പറഞ്ഞു.

ഞങ്ങളുടെ മക്കള്‍ നല്ലത് ചെയ്യുന്നവരുണ്ടാകും ചിലപ്പോള്‍ ഇന്നത്തെ സമൂഹത്തിന്റെ സമ്മര്‍ദ്ദത്തില്‍ തെറ്റ് ചെയ്തുവെന്ന് വരും. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് പ്രധാനം. അത്തരക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ല. ബിനീഷിനെതിരായ ആരോപണത്തിന്റെ പേരില്‍ കോടിയേരി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും എസ് ആര്‍ പി കൂട്ടിച്ചേര്‍ത്തു.