Connect with us

Kerala

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി എക്ക് സ്വര്‍ണക്കടത്തില്‍ ബന്ധം: കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുത്തി ആരോപണവുമായി ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പി എക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നിരവധി തവണ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പി എ സി പി എമ്മിന്റെ നോമിനിയാണ്. സംസ്ഥാന യുവജന കമ്മീഷന്റെ ചെയര്‍പേഴ്സന്റെ ശിപാര്‍ശ പ്രകാരമാണ് അവരെ മേഴ്സി കുട്ടന്റെ പി എ ആക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാര്‍ പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.