തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്ന് കൂടി പേര് ചേര്‍ക്കാം

Posted on: October 31, 2020 11:20 am | Last updated: October 31, 2020 at 3:12 pm

തിരുവനന്തപുരം | സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്ന് കൂടി സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പേര് ചേര്‍ക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പും ഫോട്ടോയും പതിച്ച് സ്‌കാന്‍ ചെയ്ത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇമെയില്‍ ആയോ നേരിട്ടോ/ആള്‍വശമോ ലഭ്യമാക്കാം. ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വീഡിയോകോള്‍ വഴിയോ ഹിയറിംഗ് നടത്തുന്നതിനും സൗകര്യമുണ്ട്.

വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വീഡിയോ കോള്‍ വഴിയോ ഹിയറിംഗ് നടത്തുന്നതിനുളള സാങ്കേതിക സൗകര്യം ഉപയോഗിക്കാം. 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി പട്ടികകള്‍ നവംബര്‍ 10ന് പ്രസിദ്ധീകരിക്കും.