Connect with us

Articles

കോണ്‍ഗ്രസ് ചുവടുറപ്പിക്കുമോ?

Published

|

Last Updated

കോണ്‍ഗ്രസും ബി ജെ പിയും മുഖാമുഖം മത്സരിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മധ്യപ്രദേശിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്നും ദേശീയ രാഷ്ട്രീയത്തില്‍ മധ്യപ്രദേശിനെ സജീവമാക്കി നിലനിര്‍ത്തുന്നതും ഈ സവിശേഷതയാണ്. രാമജന്മഭൂമി വിവാദ കൊടുങ്കാറ്റില്‍ ബി ജെ പിക്ക് അധികാരത്തിലേക്കുള്ള ആദ്യ വാതിലുകള്‍ തുറന്ന് വെക്കപ്പെടുന്നതും ഇവിടെയാണ്. 1990 മാര്‍ച്ച് അഞ്ചിന് സുന്ദര്‍ലാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് ഇന്ത്യയിലെ രണ്ടാമത്തെ ബി ജെ പി മുഖ്യമന്ത്രി എന്ന ഖ്യാതിയോടെയായിരുന്നു. പിന്നീട് അധികാരം നഷ്ടപ്പെട്ടെങ്കിലും എല്ലാ കാലത്തും ഹിന്ദുത്വ ബെല്‍റ്റിലെ ശക്തമായ സാന്നിധ്യമായി മധ്യപ്രദേശ് നിലകൊണ്ടു.

ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ ഒരു ഉപതിരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനം. നവംബര്‍ മൂന്നിന് 28 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2018 അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് കമല്‍ നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. 230 അംഗങ്ങളുള്ള വിധാന്‍ സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 116 നേടാന്‍ കോണ്‍ഗ്രസിനും ബി ജെ പിക്കുമായിരുന്നില്ല. 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസും 104 സീറ്റുകള്‍ നേടിയ ബി ജെ പിയും അധികാരത്തിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ ബി എസ് പിയുടെ രണ്ടും സമാജ് വാദി പാര്‍ട്ടിയുടെ ഒരംഗത്തിന്റെയും നാല് സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തത്. ഒന്നര പതിറ്റാണ്ട് കാലത്തെ തുടര്‍ച്ചയായ ഭരണവും ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരവുമായിരുന്നു ബി ജെ പിക്ക് സീറ്റുകള്‍ നഷ്ടപ്പെടുത്തിയത്.

എന്നാല്‍ നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസിന് ഒരു വര്‍ഷവും തൊണ്ണൂറ്റി ഏഴ് ദിവസവും മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. മധ്യപ്രദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ കുതിരക്കച്ചവടത്തിലൂടെ 22 എം എല്‍ എമാരുടെ രാജിയില്‍ സര്‍ക്കാര്‍ നിലംപതിച്ചു. തുടര്‍ന്ന് നാല് സ്വതന്ത്ര എം എല്‍ എമാരെ സ്വന്തം പാളയത്തിലെത്തിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ നാലാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാടകീയമായിരുന്നു സംഭവങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ ടീമിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ബി ജെ പിയിലേക്കുള്ള ചുവട് മാറ്റമാണ് എം എല്‍ എമാരുടെ രാജിയിൽ കലാശിച്ചത്. ഡല്‍ഹിയിലേക്ക് പറന്ന സിന്ധ്യ ഒറ്റ രാത്രികൊണ്ട് അമിത് ഷായെയും നരേന്ദ്ര മോദിയെയും കണ്ട ശേഷം ബി ജെ പിയില്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു. 2020 ജൂണില്‍ ബി ജെ പി ടിക്കറ്റില്‍ സിന്ധ്യ രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇടക്കാലത്ത് സംഭവിച്ച കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വീഴ്ചയായിരുന്നു സിന്ധ്യയുടെ രാജി. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു സിന്ധ്യ. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മധ്യപ്രദേശില്‍ സിന്ധ്യയുമായിരുന്നു തിരഞ്ഞെടുപ്പ് നയിച്ചത്. എന്നാല്‍ അധികാരം ലഭിച്ചപ്പോള്‍ രാജസ്ഥാനില്‍ സീനിയര്‍ നേതാവായ അശോക് ഗെഹ് ലോട്ടും മധ്യപ്രദേശില്‍ കമല്‍ നാഥുമാണ് മുഖ്യമന്ത്രിമാരായത്. സച്ചിനെയും സിന്ധ്യയെയും വേണ്ടവിധം പരിഗണിച്ചില്ല എന്ന പരാതി അന്നേ ഉയര്‍ന്നു വന്നിരുന്നു. സിന്ധ്യയുടെ വഴിയില്‍ സച്ചിനും പോകാന്‍ ശ്രമിച്ചെങ്കിലും നേതൃത്വം ഇടപെട്ട് സച്ചിനെ അനുനയിപ്പിച്ചു നിര്‍ത്തിയത് കൊണ്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഇപ്പോഴും അധികാരത്തില്‍ തുടരുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മിക്കയിടത്തും കോണ്‍ഗ്രസിനായിരുന്നു ജയം എന്നതാണ് കോണ്‍ഗ്രസ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്ന വലിയ ഘടകം. കുതിരക്കച്ചവടത്തോടും എം എല്‍ എമാരുടെ രാജിയോടുമൊക്കെ ജനങ്ങളുടെ പ്രതികരണം വോട്ടെണ്ണലിന് ശേഷം മാത്രമേ പറയാനാകൂ. നിലവില്‍ സഭയില്‍ 87 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിനേക്കാളും 104 എം എല്‍ എമാരുള്ള ബി ജെ പിക്ക് തന്നെയാണ് കണക്കുകളില്‍ പ്രതീക്ഷ. 12 സീറ്റുകളിലെ വിജയം തന്നെ ബി ജെ പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നല്‍കും. എന്നാല്‍ എല്ലാ സീറ്റുകളിലും ജയിച്ചാല്‍ പോലും കോണ്‍ഗ്രസിന് ഭൂരിപക്ഷം തെളിയിക്കാനും തുടര്‍ന്ന് അധികാരം നിലനിര്‍ത്താനും പാടുപെടേണ്ടി വരും.

തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജന്‍ഡകള്‍ തന്നെയാണ് ലീഡിംഗ് വിഷയങ്ങള്‍. ആ പള്‍സ് മനസ്സിലാക്കിയത് കൊണ്ടാണ് രാമക്ഷേത്ര നിര്‍മാണ വേളയില്‍ കമല്‍നാഥ് ക്ഷേത്ര നിര്‍മാണത്തിന് ആശംസകള്‍ നേര്‍ന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച 11 വെള്ളിക്കട്ടകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതും. 1985ല്‍ രാമജന്മഭൂമി ക്ഷേത്രത്തിനായി തുറന്നു കൊടുത്ത രാജീവ് ഗാന്ധിയാണ് ക്ഷേത്രത്തിന് യഥാര്‍ഥ തറക്കല്ലിട്ടതെന്നും 1989ല്‍ രാമരാജ്യം സ്ഥാപിക്കാന്‍ രാജീവ് പറഞ്ഞിരുന്നെന്നും കമല്‍നാഥ് പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ക്ഷേത്രത്തിന് തറക്കല്ലിടുന്നതിന്റെ തലേന്ന് തന്റെ വസതിയില്‍ ഹനുമാന്‍ ഭജന നടത്തിയാണ് ബി ജെ പിയേക്കാള്‍ ഒരുപടി മുന്നിലാണ് തങ്ങളെന്ന് കാണിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് പശുസംരക്ഷണത്തിനും ക്ഷേത്ര വികസനത്തിനും നടത്തിയ ശ്രമങ്ങളും അക്കമിട്ട് പറഞ്ഞ കമല്‍നാഥ് തന്റെ പ്രൊഫൈലിന് കാവി നിറം പൂശിയാണ് രാമക്ഷേത്ര നിര്‍മാണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
കമല്‍നാഥ് വിരുദ്ധ പക്ഷത്താണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്. പ്രധാനമായും തിരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയാര്‍- ചമ്പല്‍ മേഖലയിലെ 16 മണ്ഡലങ്ങളില്‍ സിന്ധ്യ കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനമുള്ള നേതാവ് കൂടിയാണ് സിംഗ്.

കമല്‍നാഥുമായുള്ള വിഭാഗീയത കാരണം സിംഗ് തിരഞ്ഞെടുപ്പ് രംഗത്ത് അത്ര സജീവമല്ല. എന്നാല്‍ സിംഗിന്റെ മകന്‍ ജൈവര്‍ധന്‍ സിംഗ് പ്രദേശത്ത് സ്വാധീനമുള്ള നേതാവാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസിന്റെ പ്ലേമേക്കറും ജൈവര്‍ധനാണ്. വിഭാഗീയതയുടെ പ്രശ്‌നങ്ങളെ അതിജീവിക്കാനാണ് നേതൃത്വം രാജസ്ഥാനില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ കൂടി തിരഞ്ഞെടുപ്പ് രംഗത്തേക്ക് കൊണ്ടുവന്നത്. സിന്ധ്യയുടെ മണ്ഡലത്തില്‍ തന്നെ സച്ചിനെ ഇറക്കിയ കോണ്‍ഗ്രസ് ശക്തമായി തന്നെ തിരഞ്ഞെടുപ്പ് രംഗത്ത് സ്വാധീനമുറപ്പിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങളാണ് സച്ചിന്‍ പ്രധാനമായും തിരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ത്തിയത്. പ്രദേശത്തെ ബി ജെ പിയുടെ മറ്റൊരു നിര്‍ണായക നേതാവാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ ശിവരാജ് സിംഗ് ചൗഹാന്റെ വിരുദ്ധ പക്ഷത്താണെങ്കിലും തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥികളുടെ വിജയമുറപ്പിക്കാനും പ്രദേശത്ത് സിന്ധ്യക്കൊപ്പം മേഖലയിലെ ആധിപത്യത്തിനായും തോമര്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രത്യക്ഷത്തില്‍ ബി ജെ പിക്ക് ഗുണം ചെയ്യും.

2018ലെ സംസ്ഥാനത്തെ മൊത്തം വോട്ട് വിഹിതം വെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പമാണ്. 41 ശതമാനം വോട്ട് ബി ജെ പിയുടെ പെട്ടിയിലും 40 ശതമാനം കോണ്‍ഗ്രസിന്റെ പെട്ടിയിലും വീണിരുന്നു. എന്നാല്‍, ഗ്വാളിയോര്‍- ചമ്പല്‍ മേഖലയിലെ കണക്കുകള്‍ വ്യത്യസ്തമാണ്. ഇവിടെ നേതാക്കളുടെ വ്യക്തി പ്രഭാവത്തിന് പുറമെ മറ്റൊരു നിര്‍ണായക സ്വാധീനം ജാതി രാഷ്ട്രീയത്തിനുണ്ട്. ദളിത് വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ ഏറ്റവും തീവ്രത കൂടിയ പ്രദേശം കൂടിയാണിവിടം. 2018ലെ എസ് സി ആന്‍ഡ് എസ് ടി (Prevention of Atrocities) ആക്ട് ദുര്‍ബലപ്പെടുത്തുന്നതിനെതിരെയും മേല്‍ ജാതിക്കാര്‍ ദളിത് പ്രതിഷേധക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിനെതിരെയും ഉയര്‍ന്നു വന്ന ഭാരത് ബന്ദിന്റെ പ്രഭവ കേന്ദ്രം കൂടിയായിരുന്നു ഇവിടം. അതുകൊണ്ട് തന്നെ ദളിത് വോട്ടുകള്‍ ഈ മേഖലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ പ്രാപ്തമാണ്. മധ്യപ്രദേശിലെ ബി എസ് പിയുടെ ശക്തമായ വോട്ട് ബേങ്കും ഇവിടെ തന്നെയാണ്. മിക്ക സീറ്റുകളിലും ബി എസ് പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കാരണം അധികം ലഭിക്കുന്ന ഒരു സീറ്റ് പോലും ബി ജെ പി-കോണ്‍ഗ്രസ് അധികാര വടംവലിയില്‍ വിലപേശലിന് കരുത്താകുമെന്ന് ബി എസ് പി കണക്ക് കൂട്ടുന്നു. ഇത് കോണ്‍ഗ്രസ് വോട്ട് ബേങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കാനും സാധ്യതയുണ്ട്.

സംസ്ഥാന പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ കമല്‍നാഥിന് ഇപ്പോള്‍ 74 വയസ്സായിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് അവസാന ഊഴമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കമല്‍നാഥിന് പ്രായം 77 കടക്കും. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് എത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഒരു യുവ നേതാവിനായിരിക്കും അവസരം ലഭിക്കാന്‍ സാധ്യത. അതുകൊണ്ട് ഇത് കമല്‍നാഥിന് വേണ്ടിയുള്ള യുദ്ധം കൂടിയാണ്. എന്നാല്‍ അപ്പുറത്ത് ശിവരാജ് സിംഗ് ചൗഹാന് ഈ തിരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ഭാവി ഉറപ്പിച്ചെടുക്കാനുള്ള പോരാട്ടമാണ്. നാല് തവണ മുഖ്യമന്ത്രിയായ ചൗഹാന് അധികാരം നഷ്ടപ്പെട്ടാല്‍ അത് ബി ജെ പിയെ മറ്റൊരാളിലേക്ക് മാറ്റി ചിന്തിപ്പിക്കാനും സാധ്യതയുണ്ട്. അനുരാഗ് ഠാക്കൂറിനെയും ജ്യോതിരാദിത്യ സിന്ധ്യയെയുംപ്പോലുള്ള യുവ നേതാക്കളും ഉമാഭാരതിയെപ്പോലുള്ള സീനിയര്‍ നേതാക്കളും അവസരം കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം ഒരുപക്ഷേ, മധ്യപ്രദേശ് രാഷ്ട്രീയത്തിന്റെ പൊതു ചിത്രം വരെ കീഴ്‌മേല്‍ മറിച്ചേക്കാം.

---- facebook comment plugin here -----

Latest