ഫീഡ് ഫാക്ടറികളില്‍ ‘അയണോഫോര്‍’ മിശ്രിതം ചേര്‍ക്കല്‍; മുന്നറിയിപ്പുമായി സഊദി ഫുഡ് ഡ്രഗ് അതോറിറ്റി

Posted on: October 30, 2020 9:51 pm | Last updated: October 30, 2020 at 9:51 pm

റിയാദ് | മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ തെറ്റായ അളവില്‍ അയണോഫര്‍ മിശ്രിതം ചേര്‍ത്ത് നിര്‍മിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സഊദി ഫുഡ് ഡ്രഗ് അതോറിറ്റി. അയണോഫോര്‍ സംയുക്തങ്ങള്‍ കാലിത്തീറ്റയുമായി തെറ്റായി രീതിയില്‍ കലര്‍ത്തുന്നത് ഒട്ടകങ്ങളുടെയും കോഴികളുടെയും ആരോഗ്യ- ഭക്ഷ്യ സുരക്ഷയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ഇവയുടെ മരണത്തിന് കാരണമാകുന്നതായും അതോറിറ്റി പറഞ്ഞു.

ഒട്ടകം, കോഴി തുടങ്ങിയ ഫീഡ് ഉല്‍പാദന ലൈന്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഫീഡ് ഫാക്ടറികളില്‍ അയണോഫോറുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനും കോഴി ഉത്പാദന പരിധി പരിമിതപ്പെടുത്താനും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കി. ഒന്നിലധികം ലൈനുകളുള്ള ഫാക്ടറികളില്‍ മാത്രം അയണോഫോറുകളുടെ ഉപയോഗം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കോഴിത്തീറ്റ മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറികളില്‍ മന്ത്രാലയം നിദേശിച്ച അളവില്‍ മാത്രം അയണോഫോര്‍ സംയുക്തങ്ങള്‍ ഉപയോഗിക്കാന്‍ അതോറിറ്റി അനുവദിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.