പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസ്: മൂന്നാമത്തെ കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Posted on: October 30, 2020 9:15 pm | Last updated: October 30, 2020 at 9:15 pm

പത്തനംതിട്ട | 2000 കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസിലെ അഞ്ചു പ്രതികള്‍ക്കുമെതിരെ കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. മാനേജിംഗ് ഡയറക്ടര്‍ തോമസ് (റോയി) ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ്, മക്കളായ റിനു മറിയം, റിബ മറിയം, ഡോ. റിയ ആന്‍ തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് പ്രതികളെ വിട്ടുകിട്ടാന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.

കോന്നി പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ മൂന്നാമത്തെ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. 56 ലക്ഷത്തിന്റെ സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ച പരാതിയില്‍ എടുത്ത കേസാണ് ഏറ്റവും പുതിയത്. ഇതുസംബന്ധിച്ച് കോടതിയില്‍ കസ്റ്റഡിക്ക് അപേക്ഷിച്ചതായും ഉത്തരവാകുന്ന മുറയ്ക്കു പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും, ഇതുവരെയുള്ള അന്വേഷണത്തില്‍ യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അന്വേഷണം മികച്ച നിലയില്‍ തുടര്‍ന്നുവരികയാണെന്നും, അന്വേഷണ സംഘത്തിന് സമയാസമയം നിര്‍ദേശങ്ങള്‍ നല്‍കിവരുന്നതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.