കൊല്ലത്ത് അയല്‍വാസി യുവതിയെ കുത്തിക്കൊന്നു

    Posted on: October 30, 2020 11:41 am | Last updated: October 30, 2020 at 12:07 pm

    കൊല്ലം|  മലിനജലം ഒഴുക്കുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്കിടയിലെ തര്‍ക്കത്തിനിടെ അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു. ഉളിയക്കോവില്‍ സ്വദേശിനി അഭിരാമി(24)യാണ് കൊല്ലപ്പെട്ടത്. അഭിരാമിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മക്കും കുത്തേറ്റതായി നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസിയായ ഉമേഷ് ബാബുവാണ് അഭിരാമിയെ കുത്തിയത്. അഭിരാമിക്ക് വയറ്റിലും അമ്മക്ക് കഴുത്തിനുമാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11 മണിയോടെണ് സംഭവം.

    അഭിരാമിയുടെ വീട്ടുകാരും ഉമേഷ് ബാബുവിന്റെ വീട്ടുകാരും തമ്മില്‍ മലിനജലം ഒഴുക്കുന്നതിനെക്കുറിച്ച് ഏറെയായി തര്‍ക്കംനിലനിന്നിരുന്നു. ഉമേഷിന്റെ വീട്ടില്‍ നിന്ന് മലിനജലം അഭിരാമിയുടെ വീട്ടിലേക്ക് വരുന്നുവെന്നായിരുന്നു പരാതി. നാട്ടുകാര്‍ ഇടപെട്ട് മലിനജലം ഒഴുക്കിവടരുതെന്ന് ഉമേഷ് ബാബുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അവഗണിക്കുകയായിരുന്നെന്നാണ് പരാതി.

    ഇന്നലെയും പതിവ് പോലെ ഇത് സംബന്ധിച്ച തര്‍ക്കമുണ്ടായി. ഇതിനിടെ ഉമേഷ് ബാബു കത്തിയെടുത്ത് അഭിരാമിയേയും അമ്മയേയും കുത്തുകയായിരുന്നു. അക്രമണത്തിനിടെ ഉമേഷ് ബാബുവിനും ചെറിയ രീതിയില്‍ പരുക്കേറ്റിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിരാമിയുടെ അമ്മ കൊല്ലത്തെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

    ഉമേഷ് ബാബുവിന്റെ കുടുംബാംഗങ്ങളായ രണ്ട് സ്ത്രീകളെ കൂടി പ്രതികളാക്കി കൊണ്ടുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അഭിരാമിയുടെ അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി.