ത്രിപുരയില്‍ കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

Posted on: October 30, 2020 9:44 am | Last updated: October 30, 2020 at 9:44 am

അഗര്‍ത്തല |  എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. ത്രിപുരയിലെ ഖോവായ് ജില്ലയിലെ ബെല്‍ചാറ ഗ്രാമത്തിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവാവ് അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ ബിനിത സാന്താള്‍ എന്ന യുവിതെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഒരേ ഗ്രാമത്തില്‍പ്പെട്ടവരാണ് ബിനിതയും കാമുകനും. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനിടയില്‍ ഇവര്‍ ഒരുമിച്ച് പുനൈയില്‍ താമസിക്കുകയും ചെയ്തിരുന്നു. അടുത്തിടെ കൊവിഡ് മൂലം ഇവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ ബിനിത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ താത്പര്യമില്ലെന്ന് അറിയിച്ച യുവാവ് ബിനിതയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായി ഖൊവായി പോലീസ് പറഞ്ഞു.

ഇതോടെ യുവാവിനോട് പകരം വീട്ടാന്‍ ബിനിത തീരുമാനിക്കുകയായിരുന്നു. ആസിഡും കൈയില്‍ കരുതി യുവാവിന്റെ വീട്ടിലെത്തിയ ബിനിത ആസിഡ് മുഖത്തേക്ക് ഒഴിച്ച് ഓടിപോരുകയായിരുന്നെന്നും പോലീസ് പറഞ്ഞു.