25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വാങ്ങാം: വിജയ് രൂപാണി

Posted on: October 30, 2020 8:18 am | Last updated: October 30, 2020 at 12:07 pm

ഗാന്ധിനഗര്‍ |  പാര്‍ട്ടിയുടെ ഒരു എം എല്‍ എയെ 25 കോടിക്ക് ബി ജെപി വാങ്ങായെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടി രൂപയുണ്ടെങ്കില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വാങ്ങാമെന്ന് ബി ജെ പി നേതാവ് കൂടിയായ വിജയ് രൂപാണി പറഞ്ഞു.

അടുത്തമാസം മൂന്നിന് എട്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗായി സുരേന്ദ്രനഗറില്‍ നടന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മ ഗാന്ധിയുടെ ഒരു ആദര്‍ശവുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മഹാത്മാ ഗാന്ധിയുടേതല്ല, രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസാണ് ഇന്നുള്ളത്. സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും രൂപാണി കുറ്റപ്പെടുത്തി.