ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരായ സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

Posted on: October 29, 2020 4:48 pm | Last updated: October 29, 2020 at 4:48 pm

ന്യൂഡല്‍ഹി | കൈക്കൂലിക്കേസില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ സി ബി ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചിന്റെതാണ് വിധി. രണ്ടു ദിവസം മുമ്പാണ് അന്വേഷണം നടത്താന്‍ സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. റാവത്തിന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതിയില്‍ റാവത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

റാവത്ത് മുഖ്യമന്ത്രിയാകുന്നതിനു മുമ്പാണ് പരാതിക്ക് ആധാരമായ സംഭവമുണ്ടായത്. ഝാര്‍ഖണ്ഡ് ഗോ സേവാ ആയോഗ് സമിതിയുടെ ചെയര്‍മാനായി നിയമിക്കാന്‍ റാഞ്ചി സ്വദേശിയായ ഒരാള്‍ 25 ലക്ഷം രൂപ റാവത്തിന്റെ ബന്ധുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നാണ് പരാതി. പ്രാദേശിക വാര്‍ത്താ ചാനലായ സമാചാര്‍ പ്ലസിന്റെ ഉടമ ഉമേഷ് കുമാര്‍ ശര്‍മയാണ് പരാതിക്കാരന്‍.