കട മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്ത സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍

Posted on: October 29, 2020 3:19 pm | Last updated: October 29, 2020 at 3:19 pm

കണ്ണൂര്‍ | കണ്ണൂര്‍ ചെറുപുഴയില്‍ പലചരക്കുകട മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തിയ സംഭവത്തില്‍ രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ആല്‍ബിന്‍ ഷാജി, സെബാസ്റ്റ്യന്‍ തോമസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഊമലയില്‍ പലചരക്ക് കട നടത്തുന്ന സോജിയുടെ കടയാണ് ആല്‍ബിന്‍ മാത്യു എന്നയാള്‍ തകര്‍ത്തത്. തന്റെ വിവാഹാലോചന മുടക്കിയെന്നും കടയില്‍ മദ്യ വില്‍പന നടത്തുന്നുവെന്നും മറ്റും ആരോപിച്ചായിരുന്നു അതിക്രമം. എന്നാല്‍, ആരോപണങ്ങള്‍ സോജി നിഷേധിച്ചിട്ടുണ്ട്.

പോലീസ് സ്റ്റേഷനിലെത്തി കട തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ആല്‍ബിന്‍ മാത്യു, പറഞ്ഞതു പോലെ ചെയ്ത ശേഷം മടങ്ങിയെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കടന്ന് കട തകര്‍ത്തതിനും കടയുടമയെ വധിക്കാന്‍ ശ്രമിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.