ആറന്‍മുളയിലെ ആംബുലന്‍സ് പീഡനം; കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രം

Posted on: October 27, 2020 8:02 pm | Last updated: October 27, 2020 at 10:37 pm

പത്തനംതിട്ട | ആറന്‍മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി നൗഫല്‍ കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയത്. കേസില്‍ 94 സാക്ഷികളാണുള്ളത്. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സെപ്തംബര്‍ അഞ്ചിന് അര്‍ധരാത്രി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കേസിനാസ്പദമായ സംഭവം നടന്ന് 47 ാം ദിവസം അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസിന് സാധിച്ചു.
കേസിലെ പ്രതിയായ നൗഫലിനെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് പിടികൂടിയിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവാണ് കേസില്‍ അന്വേഷണം നടത്തിയത്.