Connect with us

Ongoing News

ഫിക്ഷന്റെയും ചരിത്രത്തിന്റെയും വിസ്മയ മിശ്രണം

Published

|

Last Updated

ജീവിതത്തെ ഒരു ചോക്കലേറ്റ് പെട്ടിയോട് ഉപമിച്ച വിഖ്യാത എഴുത്തുകാരനാണ് ഈയിടെ വിടവാങ്ങിയ വിൻസ്റ്റൺ ഫ്രാൻസിസ് ഗ്രൂം. പത്രപ്രവർത്തകൻ, പട്ടാളക്കാരൻ, എഴുത്തുകാരൻ എന്നിങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ വിഹരിച്ച ഗ്രൂം സഹൃദയ ശ്രദ്ധ നേടിയ ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ്. ആറ് ഓസ്കാർ അവാർഡുകൾ കരസ്ഥമാക്കിയ ഫോറസ്റ്റ് ഗമ്പ് എന്ന ചലച്ചിത്രം ഗ്രൂമിന്റെ വിഖ്യാതമായ നോവലിനെ അധികരിച്ചാണ് നിർമിക്കപ്പെട്ടത്. നോവലുകൾക്കു പുറമെ ചരിത്ര ഗ്രന്ഥങ്ങളുൾപ്പെടെ നിരവധി നോൺ ഫിക്ഷൻ രചനകളും അദ്ദേഹം രചിച്ചു. നോവലുകൾ പോലെ അവയും ബെസ്റ്റ് സെല്ലറുകളായി എന്നതാണ് കൗതുകകരമായ കാര്യം.
1943 മാർച്ച്‌ 23 നു വാഷിംഗ്ടൺ ഡി സി യിൽ ജനിച്ച ഗ്രൂം തെക്കൻ സംസ്ഥാനമായ അലബാമയിലാണ് ആദ്യകാലജീവിതം ചെലവഴിച്ചത്. ചെറുപ്പത്തിൽ അദ്ദേഹം അച്ഛനെപ്പോലെ ഒരഭിഭാഷകനാകാൻ ആഗ്രഹിച്ചെങ്കിലും കോളജിലെ മാഗസിൻ എഡിറ്റർ സ്ഥാനം ലഭിച്ചതോടെ ഒരെഴുത്തുകാരനാകുക എന്നതായി ഗ്രൂമിന്റെ ജീവിതാഭിലാഷം.1965 ൽ ബിരുദം നേടിയ ശേഷം സൈന്യത്തിൽ അദ്ദേഹം ലെഫ്റ്റനെന്റ് പദവിയിൽ വിയറ്റ്നാമിൽ നിയമിതനായി. പിന്നീട് വാഷിംഗ്ടണിൽ തിരിച്ചെത്തി അവിടുത്തെ മോർണിംഗ് സ്റ്റാർ പത്രത്തിന്റെ റിപ്പോർട്ടറും കോളമിസ്റ്റുമായി . തന്റെയുള്ളിൽ ഒരു ജേർണലിസ്റ്റല്ല എഴുത്തുകാരനാണുള്ളതെന്നു മനസ്സിലാക്കിയ ഗ്രൂം ന്യൂയോർക്കിലേക്ക് പോയെങ്കിലും അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാകാതെ അലബാമയിലേക്ക് തിരിച്ചു പോയി എഴുത്തിൽ സജീവമാകുകയായിരുന്നു.

1978 ൽ ഗ്രൂമിന്റെ ആദ്യ നോവൽ Better Times than These വെളിച്ചം കണ്ടു. വിയറ്റ്നാം യുദ്ധകാലത്തെ അനുഭവങ്ങളാണ് ഈ നോവലിൽ അദ്ദേഹം ചിത്രീകരിക്കുന്നത്. ഗ്രൂമിന്റെ ഏറെ പ്രശസ്തമായ രചന 1986ൽ രചിച്ച Forrest Gump എന്ന നോവലാണ്. ശരാശരി ബുദ്ധിശക്തി മാത്രമുള്ള, എന്നാൽ ജീവിതത്തെ പ്രസാദാത്മകമായി നോക്കിക്കാണുന്ന ഒരു സാധാരണ മനുഷ്യനാണ് ഇതിലെ നായകൻ. ജീവിതം ഒരു ചോക്കലേറ്റ് പെട്ടിയായി കാണുന്ന ഫോറെസ്റ്റ് ഗംപ് എന്ന ഈ ചെറുപ്പക്കാരൻ സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ്. ലോകമെങ്ങുമുള്ള വായനക്കാർ നിറഞ്ഞ മനസ്സോടെയാണ് ഈ നായകനെ സ്വീകരിച്ചത്.

1994ൽ നോവൽ ചലച്ചിത്രമാക്കിയപ്പോൾ ആറ് ഓസ്കാർ അവാർഡുകൾ അതിനെ തേടിയെത്തി. അതിനെ തുടർന്ന് നോവലിന്റെ കോപ്പികൾ നാൽപ്പതിനായിരത്തിൽ നിന്നും 1.7 ദശലക്ഷമായി കുതിച്ചുയരുകയും ചെയ്തു എന്നത് ചരിത്രം.
ഗ്രൂമിന്റെ മറ്റൊരു പ്രമുഖ നോവലായ El Paso 1990ലാണ് പ്രസിദ്ധീകരിച്ചത്. മെക്സിക്കൻ വിപ്ലവനായകനായ പാഞ്ചോ വില്ല പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഈ രചന യഥാർഥത്തിൽ ഫിക്്ഷന്റെയും ചരിത്രത്തിന്റെയും വിസ്മയകരമായ ഒരു മിശ്രണമാണ്. ഒരേ സമയം ആദർശശാലിയും അത്രതന്നെ ക്രൂരനും സാഡിസ്റ്റുമായ പാഞ്ചോയുടെ ദ്വന്ദവ്യക്തിത്വം അതിഭാവുകത്വം കലരാതെ, നൈസർഗികമായ ഒരാഖ്യാനരീതിയിലൂടെ അദ്ദേഹം പുനഃസൃഷ്ടിക്കുകയാണ് ഇവിടെ. ഇതഃപര്യന്തമുള്ള അമേരിക്കൻ നോവലിലെ മുൻനിര കഥാപാത്രങ്ങളിൽ പാഞ്ചോ വില്ലയ്ക്കും സ്ഥാനമുണ്ടെന്ന് ഈ നോവലിലൂടെ കടന്നുപോകുമ്പോൾ വായനക്കാർക്ക് ബോധ്യമാകുന്നു. As Summers Die (1980), Only (1984), Gon the Sun (1988), Gump & Co. (1995), Such a Pretty Pretty Girl (1999) എന്നിവയാണ് ഈ എഴുത്തുകാരന്റെ ഇതര നോവലുകൾ. എല്ലാം അക്ഷരലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടവ തന്നെ.
വിൻസ്റ്റൺ ഗ്രൂമിന്റെ നോൺ ഫിക്്ഷൻ രചനകളും അദ്ദേഹത്തിന്റെ നോവലുകൾപോലെ ഏറെ സഹൃദയശ്രദ്ധ നേടിയവയാണ്. Conversations with the Enemy, Shrouds of Glory, The Crimson Tide, The Generals, The Aviators, Patriotic Fire, The Allies, 1942 തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രമുഖ രചനകൾ.

അമേരിക്കയുടെ തെക്കൻ പ്രവിശ്യയുടെ തനതു രുചി വിളമ്പുന്നവയാണ് വിൻസ്റ്റൺ ഗ്രൂമിന്റെ രചനകളെല്ലാം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സംസാരിക്കുന്നത് അവിടുത്തെ ഭാഷയാണ്. അവിടുത്തെ ചരിത്രവും ഭൂമിശാസ്ത്രവും നാട്ടു കിസ്സകളും ജീവിതായോധനരീതികളുമാണ് അവയിൽ തുടിക്കുന്നത്. വില്യം ഫോക്ക്നറെപ്പോലെ എല്ലാ അർഥത്തിലും ശരിയായ ഒരു തെക്കൻ എഴുത്തുകാരനായിരുന്നു വിൻസ്റ്റൺ ഗ്രൂം. അമേരിക്കയുടെ സാഹിത്യപൈതൃകത്തെ സമ്പന്നമാക്കിയതിൽ വിൻസ്റ്റൺ ഫ്രാൻസിസ് ഗ്രൂമിനും അപ്രധാനമല്ലാത്ത പങ്കാണുള്ളത്.

Latest